മാധ്യമങ്ങള്‍ക്ക് പുതുവഴി തുറക്കുമോ ക്ലബ്ബ് ഹൗസ്?

Writers Blog

ഷംന വടക്കേതില്‍

ക്ലബ്ബ് ഹൗസിലൂടെ സോഷ്യല്‍ മീഡിയയില്‍ ഒരു പുതുയുഗം കടന്നു വരുകയാണ്. ഇന്നത്തെ കാലത്ത് ക്ലബ്ബ് ഹൗസ് പോലെയൊരു പ്ലാറ്റ്‌ഫോമിനു എത്രത്തോളം സാധ്യതയുണ്ട്? സമകാലീന സാമൂഹ്യ സാഹചര്യം പരിശോധിക്കുമ്പോള്‍ വിവേക പൂര്‍വ്വം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ വളരെ വലിയ മാറ്റം ചര്‍ച്ചകളിലും സംവാദത്തിലും കൊണ്ടു വരാന്‍ സാധിക്കുമെന്ന് നിസ്സംശയം പറയാം.

2020 മാര്‍ച്ചിലാണ് ക്ലബ്ബ് ഹൗസ് പുറത്തിറങ്ങിയത്. പക്ഷേ കേരളത്തില്‍ ക്ലബ്ബ് ഹൗസ് പ്രചാരം നേടിയിട്ട് ദിവസങ്ങളാവുന്നേയുള്ളൂ. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലെയുള്ള സോഷ്യല്‍ മീഡിയകളുടെ ട്രാഫിക് കുറക്കാനും ക്ലബ്ബ് ഹൗസ് കാരണമായി. ക്ലബ്ബ് ഹൗസിലെ തിരക്കിനു പല കാരണങ്ങളുണ്ട്. പുതിയ ഒരു പ്ലാറ്റ്‌ഫോമിനോടുള്ള കൗതുകവും ലോക്ക്ഡൗണ്‍ സമയമായതു കൊണ്ട് കയ്യില്‍ ഒരുപാട് സമയമുളളതുമെല്ലാം അതിന്റെ കാരണങ്ങളാണ്. കൂടാതെ ഇഷ്ടമുള്ള കാര്യങ്ങള്‍ കേള്‍ക്കാനും ചര്‍ച്ച ചെയ്യാനും കഴിയുന്ന ഒരിടം കൂടെയാണ്. അഭിപ്രായം പറയുന്നതിലെ ജനാധിപത്യം ഇവിടുത്തെ പ്രത്യേകതയാണ്. പരമാവധി പാനലിസ്റ്റുകള്‍ക്ക് പങ്കെടുക്കാം. എല്ലാവര്‍ക്കും അഭിപ്രായം പങ്കു വെക്കാം. ഇതെല്ലാം ക്ലബ്ബ് ഹൗസ് ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

മാധ്യമങ്ങള്‍ പുതിയ സാധ്യധതകള്‍ എല്ലായ്‌പ്പോഴും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. ആദ്യമായി ക്ലബ്ബ് ഹൗസ് വഴി ചര്‍ച്ച സംഘടിപ്പിച്ചത് ന്യൂസ്‌റപ്റ്റ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ്. തുടര്‍ന്ന് കഴിഞ്ഞ ദിവസം മീഡിയ വണ്ണും ആങ്കര്‍മാര്‍ക്ക് ആശങ്കയുണ്ടോ എന്ന വിഷയത്തില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. നിരവധി പേര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ മിക്കവാറും ആളുകള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്ന അഭിപ്രായം തന്നെയാണ് പങ്കു വെച്ചത്. മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ മാത്രം അല്ല നടക്കുന്നത്. വാര്‍ത്തകളുടേത് കൂടിയാണ് മാധ്യമങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അത് ഒരു ജോലി കൂടെയാവുമ്പോള്‍ അവര്‍ക്ക് വാര്‍ത്തകള്‍ക്ക് കൂടുതല്‍ ഉറവിടങ്ങളുണ്ടാവും. അതിന് ബദലാവാന്‍ ക്ലബ്ബ് ഹൗസിനു കഴിയില്ല. പക്ഷേ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സൂക്ഷ്മത അനിവാര്യയിരിക്കുന്നു. ക്ലബ്ബ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു സ്റ്റഡി മെറ്റീരിയല്‍ ആണെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നതും ചര്‍ച്ചയില്‍ കണ്ടു.

സോഷ്യല്‍ കാപ്പിറ്റല്‍ അഥവാ സാമൂഹിക മൂലധനം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന പ്ലാറ്റ്‌ഫോം കൂടിയാണിത്. പക്ഷേ ആദ്യ ദിവസങ്ങളില്‍ കണ്ടു വന്ന ജനാധിപത്യം പിന്നീട് കുറഞ്ഞു വരുന്നതായി പലരും പരാതിപ്പെടുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ക്ലബ്ബ് ഹൗസും മാധ്യമ മാഫിയ പിടിച്ചെടുക്കുന്നുവോ? എന്ന വിഷയത്തില്‍ ഒരു കൂട്ടം ആളുകള്‍ ചര്‍ച്ച സംഘടിപ്പിച്ചത്. മാധ്യമങ്ങള്‍ നിര്‍മിച്ചെടുക്കുന്ന അജണ്ടകളാണ് ഇത്രയും കാലം ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നതെന്നും അത്തരം പ്രവണകള്‍ അവസാനിക്കാനുള്ള സാധ്യതയുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടായിരുന്നു. പക്ഷേ ഭൂരിഭാഗം ആളുകളും ചര്‍ച്ചയുടെ പേരിനെ വിമര്‍ശിക്കുകയാണുണ്ടായത്. മാഫിയ എന്ന പ്രയോഗം ശരിയല്ലെന്നും അങ്ങനെ അഭിസംബോധന ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകരോട് ജനാധിപത്യ മര്യാദ കാണിക്കാത്തതിനു തുല്യമാണെന്നുമുള്ള അഭിപ്രായം ഉയര്‍ന്നു വന്നു. അഭിപ്രായത്തോട് മോഡറേറ്റര്‍ യോജിച്ചെങ്കിലും ഒരിക്കല്‍ തുടങ്ങിയ ചര്‍ച്ചക്ക് പിന്നീട് പേരു മാറ്റല്‍ സാധ്യമല്ലാത്തതിനാല്‍ ചര്‍ച്ച അതേ പേരില്‍ തന്നെ തുടര്‍ന്നു. ചര്‍ച്ചകള്‍ സംഘടിപ്പിച്ച് മാത്രം പരിചയമുള്ള
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ചര്‍ച്ച വീക്ഷിക്കാന്‍ സദസ്സില്‍ ഉണ്ടായിരുന്നതും പലര്‍ക്കും കൗതുകമായിരുന്നു.

ഇരുതല മൂര്‍ച്ചയുള്ള ഒരു വാളാണ് ക്ലബ്ബ് ഹൗസ്. ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ പുനപരിശോധിക്കാന്‍ കഴിയാത്തത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്താനുള്ള സാധ്യതയുണ്ട്. നിരോധിത പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകള്‍ നടത്താന്‍ സുഗമമായ ഒരു മാര്‍ഗം കൂടിയാവാന്‍ സാധ്യതയുണ്ട് ക്ലബ്ബ് ഹൗസ്. പക്ഷേ ദൂശ്യവശങ്ങളേക്കാള്‍ ഗുണങ്ങളാണ് മുന്നിട്ടു നില്‍ക്കുന്നത് എന്ന കാര്യത്തില്‍ എതിരഭിപ്രായമില്ല. പുതിയ പ്ലാറ്റ്‌ഫോമെന്നാല്‍ പുതിയ സാധ്യധകള്‍ കൂടിയാണ്. അത് വിവേക പൂര്‍വം ഉപയോഗിക്കാന്‍ കഴിയണമെന്നു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *