സെ​റി​ബ്ര​ല്‍ പാ​ള്‍​സിയെ തോൽപ്പിച്ച് ആറാം ക്ലാസ്സുകാരൻ ഈ ലോക്ക്ഡൗണിൽ വായിച്ചത് 58 പുസ്തങ്ങൾ

Feature News

കൊ​ച്ചി: കോവിഡും ലോക്ക്ഡൗണും വീട്ടിലിരുപ്പുമെല്ലാം അനിരുദ്ധിനെയും ആദ്യം ബാധിച്ചിരുന്നു. ആ ജയിൽ ജീവിതത്തിൽ നിന്നും പിന്നീടവൻ പറന്നത് അക്ഷരങ്ങളുടെ ലോകത്തേക്കായിരുന്നു. സെ​റി​ബ്ര​ല്‍ പാ​ള്‍​സി എന്ന രോഗം പോലും അവന്റെ വായനയ്ക്കും ആത്മധൈര്യത്തിനും മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു. 58 പുസ്തകങ്ങളാണ് ഈ ലോക്ക്ഡൌൺ കാലത്ത് അ​നി​രു​ദ്ധ്​ ഗോ​പ​കു​മാ​ര്‍ എന്ന പതിനൊന്നുകാരൻ വായിച്ചത്.

ഒന്നാം വയസ്സിൽ തന്നെ സെ​റി​ബ്ര​ല്‍ പാ​ള്‍​സി ബാധിതനാണെന്ന് കണ്ടെത്തി ഒരിക്കലും നടക്കില്ലെന്നു പറഞ്ഞതായിരുന്നു ഡോക്ടർമാർ. എന്നാൽ വിധിക്കുമുന്നിൽ തൊട്ടു കൊടുക്കാൻ തയ്യാറാവാതെ പിതാവ് ഗോപകുമാറും അമ്മ ധന്യയും ഫിസിയോ തെറാപ്പികൾ ചെയ്തും, അവനെക്കൊണ്ട് യാത്രകൾ ചെയ്തും മാറ്റിയെടുക്കാൻ തുടങ്ങി. വീട്ടിലെ ടിവി ഒഴിവാക്കി എല്ലാവരും വായനയുടെ ലോകത്തേക്ക് കടന്നു. സ്കൂൾ വിദ്യാഭ്യാസം കൂടെ തുടങ്ങിയതോടെ അവൻ സാധാരണ കുട്ടികളെ പോലെയായി.

എന്നാൽ ലോക്കഡൗൺ കടന്നുവന്നതോടെ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ വന്നു. മൊബൈൽ ഫോൺ താല്പര്യം ഇല്ലാത്തതിനാൽ വായന മാത്രമായി ലഹരി. ആൻഫ്രാങ്കിൻറെ ഡയറികുറിപ്പുകളും, ആർ.കെ നാരായണന്റെ മാൽഗുഡി ഡേയ്സും സച്ചിന്റെയും ധോണിയുടെയും ആത്മകഥകളുമെല്ലാം അനിരുദ്ധ് ഇതിനോടകം വായിച്ചു കഴിഞ്ഞു.

ക്രിക്കറ്റും ഫുട്ബോളും ഏറെ ഇഷ്ടപെടുന്ന അനിരുദ്ധ് കളിക്കാരുടെ പേരും ജേഴ്‌സി നമ്പറും കൃത്യമായി പറയും. 2017-18 ഐ.​എ​സ്.​എ​ല്‍ സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സിന്റെ ക​ളി കാ​ണാ​ന്‍ പോയപ്പോൾ സി.​കെ. വി​നീ​തിനോടൊപ്പവും ഹ്യൂമിനോടൊപ്പവും എടുത്ത ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി എ​ന്‍.​എ.​ഡി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ ആ​റാം ക്ലാ​സു​കാ​ര​നായ അനിരുദ്ധിന് ഹി​ന്ദി​യും ഇം​ഗ്ലീ​ഷും മ​ല​യാ​ള​വും അനായാസം കൈകാര്യം ചെയ്യാനറിയാം. ഇത്തരം കുട്ടികളുടെ കൂടെ ഇപ്പോഴും മാതാപിതാക്കൾ കൂടെ ഉണ്ടാവണമെന്നും വായനയിലും ഫിസിയോ തെറാപ്പിയിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഈ ലോക്ക്ഡൗണും കുട്ടികൾക്ക് മനോഹരമാക്കാമെന്ന് പി​താ​വ്​ ഗോ​പ​കു​മാ​ര്‍ പറഞ്ഞു.