ഇനിയും ജീവിക്കും ഇവിടെതന്നെ, നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍ ഒരാളായി: മൂന്നാം വിവാഹ വാര്‍ഷികത്തില്‍ നികേഷും സോനുവും

Feature Keralam News

വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും ജാതിയോ, മതമോ, വര്‍ഗമോ ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് സോനുവും നികേഷും. സമൂഹത്തിന്റെയും വീട്ടുകാരുടെയും നാട്ടുകാരുടെയും കൂട്ടുകാരുടേയും കളിയാക്കലുകള്‍ക്കിടയിലും തലയുയര്‍ത്തി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷങ്ങള്‍.

വിവാഹം കഴിഞ്ഞ് ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം തികഞ്ഞിരിക്കുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍ നികേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഞങ്ങളെ കളിയാക്കിയവര്‍ക്കിടയില്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഞങ്ങള്‍ ജീവിച്ചു ഇനിയും ജീവിക്കും ഇവിടെതന്നെ, നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍ ഒരാളായി. ഈ ലോകം ഞങ്ങളുടേതാണെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് നികേഷ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ആദ്യ സ്വവര്‍ഗ ദമ്പതികളായ നികേഷിന്റെയും സോനുവിന്റെയും വിവാഹം 2018 ലാണ്. എന്നാല്‍ സെക്ഷന്‍ 377 ല്‍ ഭേദഗതി വരുത്തി സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധി വന്നതോടെ 2019 ലാണ് ഇവര്‍ വിവാഹം വെളിപ്പെടുത്തുന്നത്. 2018 ല്‍ വിധി വന്നെങ്കിലും സ്വവര്‍ഗാനുരാഗികളുടെ പ്രശ്‌നം തീരുന്നില്ലെന്നാണ് ഇരുവരും പറയുന്നത്. അപേക്ഷാഫോമുകളില്‍ വിവാഹിതരെന്ന് എഴുതാനും കുട്ടുകളെ ദത്തെടുത്ത് വളര്‍ത്താനുമുള്ള അവകാശം വേണമെന്നാണ് ഇവരുടെ ആവശ്യം.