അത്ഭുതമായി മലപ്പുറം മഅ്ദിന്‍ അക്കാദമി

Education Feature Local News

118വിദ്യാര്‍ഥികളുമായി 1997ല്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ ഇന്ന് പഠനം നടത്തുന്നത് 25,000 കുട്ടികള്‍. ഏഴു സെന്റ് ഭൂമിയില്‍ ആരംഭിച്ച അക്കാദമി നിലവില്‍ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുകയാണ്. വിദ്യാഭ്യാസം, പരിസ്ഥിതി, സാംസ്‌കാരികം, കൃഷി, കൂടുംബം, ആരോഗ്യം, കാരുണ്യം, പ്രവാസം, ആത്മീയം തുടങ്ങി വിവിധ മേഖലകളില്‍ മഅ്ദിന്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

വിവിധ ജില്ലകളിലായി ഏഴു കാമ്പസുകളിലായി വ്യത്യസ്ത സ്ഥാപനങ്ങള്‍ മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, ഇന്റഗ്രേറ്റഡ് കാമ്പസുകള്‍, പോളിടെക്നിക് കോളേജ്ജ്, റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ സെന്റര്‍, ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ഇസ്ലാമിക് കോളേജുകള്‍, വൊക്കേഷനല്‍ ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ സെന്റര്‍, വിദേശ ഭാഷാ പഠന കേന്ദ്രം, ഭിന്ന ശേഷിക്കാര്‍ക്കായുള്ള വിവിധ സ്ഥാപനങ്ങള്‍, അനാഥ- അഗതി മന്ദിരങ്ങള്‍, പെണ്‍കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള കാമ്പസുകള്‍ തുടങ്ങിയവയാണ് പ്രധാന സ്ഥാപനങ്ങള്‍.

പ്രൈമറി തലം തൊട്ട് ഗവേഷണ തലം വരെയുളള വിവിധ കോഴ്സുകളില്‍ ഉന്നത നിലവാരമുള്ള പഠനാന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏഴ് ഓഫ് കാമ്പസുകളും 42 വിവിധ സ്ഥാപനങ്ങളുമുള്ള മഅ്ദിന്‍ 12 ലധികം അന്താരാഷ്ട്ര സര്‍വ്വകലാശാലകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

വിജ്ഞാന പ്രസരണ രംഗത്ത് അതിരുകള്‍ ഭേദിച്ച പ്രയാണമായിരുന്നു രണ്ടര പതിറ്റാണ്ട് കൊണ്ട് മഅ്ദിന്‍ അക്കാദമി നടത്തിയത്. അന്താരാഷ്ട്ര സര്‍വ്വകലാശാലകളും അക്കാദമിക് സ്ഥാപനങ്ങളുമായി 12 ലധികം അന്താരാഷ്ട്ര അക്കാദമിക് സഹകരണ കരാറുകള്‍ ഉണ്ടാക്കി. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ വന്‍കരകളിലെ യൂണിവേഴ്സിറ്റികളുമായും സംഘടനകളുമായും നമ്മുടെ നാടിനെ ബന്ധിപ്പിച്ചു.

പ്രത്യേകിച്ചും വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമായി. ഇതിലൂടെ ഏറ്റവും പുതിയ പഠന രീതികളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്താനും കേരളത്തിന്റെ ഉന്നതമായ പൈതൃകവുമായി വിദേശീയരായ വിദഗ്ധരെ അടുപ്പിക്കാനുമായി.

അമേരിക്കയിലെ ബി.വൈ. യൂണിവേഴ്സിറ്റി, ഷെങ്ഹോ പീസ് ഫൗണ്ടേഷന്‍, ബ്രിട്ടനിലെ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി ആസ്ഥാനമായുള്ള മാന്യുസ്‌ക്രിപ്റ്റ് സെന്റര്‍, ഒക്സ്ഫോര്‍ഡിലെ ഇബ്നു അറബി സൊസൈറ്റി. ആസ്ട്രേലിയയിലെ പ്രസിദ്ധമായ ഗ്രിഫിത് യൂണിവേഴ്സിറ്റി, സതേണ്‍ ക്യൂന്‍സ്ലാന്റ് യൂണിവേഴ്സിറ്റി, സ്പെയിനിലെ സെര്‍വാന്തസ് സെന്റര്‍, ഗ്രനഡയിലെ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ്, മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്ലാമിക് സര്‍വ്വകലാശാല, ഇന്തോനേഷ്യയിലെ മുഹമ്മദിയ്യ യൂണിവേഴ്സിറ്റി, ഫ്രാന്‍സിന്റെ അധീനതയിലുള്ള മയോട്ടയിലെ മുല്‍തഖന്നൂര്‍ അസോസിയേഷന്‍, ദക്ഷിണ കൊറിയയിലെ ഹാന്‍യാങ് യൂണിവേഴ്സിറ്റി, യു.എ.ഇയിലെ സായിദ് യൂണിവേഴ്സിറ്റി, യു.എ.ഇ വിദേശ കാര്യ മന്ത്രിയുടെ മേല്‍ നോട്ടത്തിലുള്ള പീസ് ഫോറം, മൊറോക്കോയിലെ അഗാദീര്‍ ഇന്റര്‍നാഷനല്‍ യൂണിവേഴ്സിറ്റി തുടങ്ങിയവയുമായി അക്കാദമിക് സഹകരണ കരാറുണ്ടാക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠന സാധ്യതകള്‍ തുറക്കുന്നതിലും വിജയിച്ചു.അധ്യാപക -വിദ്യാര്‍ത്ഥി വിനിമയ സംയുക്ത സെമിനാറുകള്‍, പഠന പ്രൊജക്ടുകള്‍, പ്രസിദ്ധീകരണം എന്നീ മേഖലകളിലാണ് സഹകരണം.

അറിവന്റെ ഏറ്റവും പുതിയ മേഖലകളുടെ അങ്ങേയറ്റം വരെ പോകുമ്പോഴും പിറന്ന നാടിനോടും സമൂഹത്തോടും സമുദായത്തോടും കുടുംബത്തോടുമുള്ള പൊക്കിള്‍കൊടി ബന്ധം അറുത്തു കളയരുതെന്ന് മഅ്ദിന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. വര്‍ഷാവസാനത്തിലെ ഉത്തരപ്പേപ്പറിലെ മാര്‍ക്കു മാത്രമാവരുത്, ജീവിതത്തില്‍ പുലര്‍ത്തിപ്പോരുന്ന നല്ല നിഷ്ഠകള്‍ കൂടിയാവണം വിജയ മാനദണ്ഡമെന്നാണ് സ്ഥാപനത്തിന്റെ ദര്‍ശനം.

മഅ്ദിന്‍ അക്കാദമിയിലെ ഏറ്റവും പ്രധാന സ്ഥാപനങ്ങളിലൊന്നാണ് വിദേശ ഭാഷാ പഠന കേന്ദ്രം. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ രാജ്യാതിര്‍ത്തികള്‍ മായുമ്പോള്‍ വിദേശ ഭാഷാ പരിഞ്ജാനത്തിന് പ്രസക്തിയേറുന്നു. ഇത് മനസ്സിലാക്കിയാണ്, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, അറബിക്, ജര്‍മന്‍, മലായി തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ പരിശീലനം നല്‍കിവരുന്നു. മഅ്ദിന്‍ അക്കാദമിയുടെ വെബ്സൈറ്റ് ഇന്ന് ആറ് ലോക ഭാഷകളില്‍ വായിക്കാനാവും.

2018 നവംബര്‍ 19-20 തിയ്യതികളില്‍ നടന്ന യു.എന്‍ അലയന്‍സ് സമ്മേളനത്തില്‍ മുസ്ലിം പണ്ഡിത പ്രതിനിധിയായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രഭാഷണം നടത്തി. മലേഷ്യ ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ ഇന്റര്‍ഫൈത്ത് ഇനിഷ്യേറ്റീവിന്റെ തലവനാണ് അദ്ദേഹം. ഗ്ലോബല്‍ മൂവ്മെന്റ് ഓഫ് മോഡറേറ്റ്സ് അംഗം, ജി 20 മത സൗഹാര്‍ദ്ദ ഉച്ചകോടി സംഘാടക സമിതി അംഗം, സമാധാന പ്രവര്‍ത്തകര്‍ക്കുള്ള ഐക്യരാഷ്ട്ര സഭ പദ്ധതിയിലെ അംഗം, കാംബ്രിജ് യൂണിവേഴ്സിറ്റി ആസ്ഥാനമായുള്ള മാന്യുസ്‌ക്രിപ്റ്റ് അസോസിയേഷന്‍ അംഗം എന്നീ സുപ്രധാന അന്താരാഷ്ട്ര പദവികള്‍ വഹിക്കുന്നു.

ജി 20 ഉച്ചകോടിയുടെ ഭാഗമയി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മത സൗഹാര്‍ദ്ദ ഉച്ചകോടികളില്‍ സ്ഥിരം പ്രതിനിധിയാണ് സയ്യിദ് ഖലീല്‍ തങ്ങള്‍. ഇസ്ലാമിന്റെ ഭീകരവിരുദ്ധ നിലപാടിനെ ഇന്ത്യന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവതരിപ്പിക്കാനായി. ആസ്ട്രേലിയ, ജര്‍മനി, ചൈന,അര്‍ജന്റീന എന്നിവിടങ്ങളിലെ ജി 20 മത സൗഹാര്‍ദ്ദ സമ്മേളനങ്ങളുടെയും അടുത്ത വര്‍ഷങ്ങളില്‍ നടക്കുന്ന ജപ്പാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ പരിപാടികളുടെ മുഖ്യ സംഘാടകരിലൊരാളാണ്. മാര്‍പ്പാപ്പയുടെ കീഴില്‍ മത സൗഹാര്‍ദ്ദത്തിനായുള്ള പോന്തിഫിക്കല്‍ സെന്ററിന്റെ വത്തിക്കാന്‍ സമ്മേളനത്തിലും ജര്‍മനി, സ്പൈന്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സഹകരണ പരിപാടികളിലും സ്ഥാപനത്തിന് പങ്കാളിത്തം ലഭിച്ചു.

എല്ലാ വിശുദ്ധ റംസാനിലും മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന വിശ്വാസി ലക്ഷങ്ങളുടെ സാനിധ്യമുള്ള ആത്മീയ സമ്മേളനത്തില്‍ ഭീകരതക്കും ലഹരി വസ്തുക്കള്‍ക്കുമെതിരെയുള്ള പ്രതിജ്ഞക്ക് നേതൃത്വം വഹിക്കുന്നത് സയ്യിദ് ഖലീല്‍ അല്‍ ബുഖാരിയാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിനും പ്രതിലോമ ശക്തികളുടെ സ്വാധീനത്തില്‍ പെടാതിരിക്കാനും തങ്ങള്‍ ജാഗ്രത പുലര്‍ത്തുമെന്ന് ജന ലക്ഷങ്ങള്‍, പ്രത്യേകിച്ചും യൂവാക്കള്‍ പ്രതിജ്ഞയെടുക്കുന്നു. വിശുദ്ധ റംസാനിലെ ഇരുപത്തി ഏഴാം രാവിന്റെ പുണ്യ ദിവസം മക്ക, മദീന എന്നിവിടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വിശ്വാസികള്‍ ഒരുമിച്ചു കൂടുന്ന വേദിയാണിത്.

ലൈഫ് ഷോര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ മഅ്ദിന്‍ അക്കാദമിയുടെ ഏറ്റവും പുതിയ സംരംഭമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ട ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും പുനരധിവാസ സജ്ജീകരണങ്ങളും ഏറ്റവും ആധുനികമായ സൗകര്യങ്ങളോടെ ഇവിടെ സംവിധാനിച്ചിരിക്കുന്നു. ജന്മാ ഉള്ള വൈകല്യങ്ങള്‍, അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങള്‍, രോഗങ്ങള്‍ എന്നിവയില്‍ അകപ്പെട്ടവര്‍ പലര്‍ക്കും എളുപ്പത്തില്‍ രോഗമുക്തി ലഭിക്കണമെന്നില്ല. അവരെ ഘട്ടം ഘട്ടമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുകയാണ്. ഇതിനുളള സൗകര്യങ്ങളാണ് ലൈഫ് ഷോറില്‍ ഉള്ളത്.