അനാവശ്യമായി തന്റെ പേര് ഉപയോഗിക്കുന്നു; മാതാപിതാക്കൾക്കും ഫാൻസുകാർക്കുമെതിരെ പരാതിയുമായി വിജയ്

Entertainment India News

തന്റെ പേരിൽ ജനങ്ങളെ സംഘടിപ്പിക്കുന്നതും സമ്മേളനങ്ങള്‍ കൂടുന്നതും വിലക്കണമെന്നാവശ്യവുമായി മദ്രാസ് ഹൈക്കോടതിയിൽ പരാതി നൽകി നടൻ വിജയ്. സ്വന്തം മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖര്‍, ശോഭ ചന്ദ്രശേഖര്‍, ഫാൻസ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നീ പതിനൊന്ന് ആളുകൾക്കെതിരെയാണ് വിജയ് പരാതി നൽകിയിരിക്കുന്നത്.

വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങി സ്വന്തമായി പാർട്ടി ഉണ്ടാക്കുമെന്നും, താൻ ആയിരിക്കും അതിന്റെ ജനറല്‍ സെക്രട്ടറിയെന്നും വിജയുടെ പിതാവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ പ്രസിഡണ്ട് തന്റെ ബന്ധുവായ പത്മനാഭനായിരിക്കുമെന്നും, വിജയിയുടെ അമ്മ ട്രഷററാവുമെന്നും അദ്ദേഹം ഇതോടൊപ്പം പറഞ്ഞിരുന്നു. ഇത് കൂടാതെ വിജയിയുടെ ഫാന്‍സ് അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കം അദ്ദേഹം ഒരു പാർട്ടിയാക്കി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തനിക്ക് പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നും ആരും അതിൽ ഭാഗമാവരുതെന്നും വിജയ് ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് വിജയ് പരാതി നൽകിയിരിക്കുന്നത്.