മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുള്ള സ്ത്രീകൾക്ക് അവസരം; കാസ്റ്റിംഗ് കോൾ വൈറലാവുന്നു

Entertainment Keralam News

വീണ്ടും വ്യത്യസ്തമായൊരു കാസ്റ്റിംഗ് കാൾ നോട്ടീസുമായി ‘ന്നാ താന്‍ കേസ്‌കൊട്’ എന്ന ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഈ വട്ടം മുഖ്യമന്ത്രിയാവാൻ താല്പര്യമുള്ള സ്ത്രീകൾക്കാണ് അവസരം ഒരുക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനും വീണ്ടും ഒന്നിക്കുന്ന ‘ന്നാ താന്‍ കേസ്‌കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പോസ്റ്ററുകളാണ് ഇപ്പോൾ വൈറലാവുന്നത്.

സാധാരണ കണ്ടുവരുന്ന കാസ്റ്റിംഗ് കോളുകളിൽ നിന്നും വ്യത്യസ്തമായി, പ്രത്യേക ആവശ്യങ്ങളും വാചകങ്ങളുമാണ് അണിയറ പ്രവർത്തകർ കൊടുത്തിരിക്കുന്നത്.
ഈ കപ്പല്‍ കൊടുങ്കാറ്റില്‍ ഉലയില്ല സാര്‍. കാരണം ഇതിനൊരു കപ്പിത്താനുണ്ട് എന്ന വൈറൽ വെച്ചതിൽ തുടങ്ങുന്ന പോസ്റ്ററിൽ മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുള്ള സ്ത്രീയാണോ നിങ്ങളെന്നാണ് ചോദിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള യുവതികൾക്കാണ് അവസരം.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ഗായത്രി ശങ്കര്‍, ജാഫര്‍ ഇടുക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. കാസ്റ്റിംഗ് കോളിലെ വ്യത്യസ്തതയോടൊപ്പം ചിത്രത്തിന്റെ പേരും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.