സ്ത്രീ ശാക്തീകരണത്തിന്റെ അടിത്തറ‌ വിദ്യാഭ്യാസം: സാദിഖലി ശിഹാബ്‌ തങ്ങൾ

Education Local News

മക്കരപറമ്പ: സ്ത്രീ ശാക്തീകരണത്തിന്റെ അടിത്തറയാണ്‌ വിദ്യാഭ്യാസമെന്ന് പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ പറഞ്ഞു. മക്കരപറമ്പ മഹല്ല് 134-ം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനം നേടിയ വനിതകൾക്ക്‌ കുടുംബത്തിലും അതുവഴി സമൂഹത്തിലും നന്മയുടെ മാർഗ്ഗത്തിൽ സ്വാധീനം ചെലുത്താൻ കഴിയും. വീടിനകത്തുനിന്നു തന്നെ അറിവിന്റെ ഉറവയുണ്ടാകുമ്പോൾ അത്‌ തലമുറകൾക്കു പ്രകാശമേകും.
മഹല്ല് പ്രസിഡണ്ട്‌ സി പി സൈതലവി അധ്യക്ഷത വഹിച്ചു.മഹല്ല് കമ്മിറ്റി വനിതകൾക്കായി നടത്തിയ ഏക വാർഷിക ഫിഖ്ഹ് കോഴ്സ്‌ വിജയികൾക്കും മദ്രസാ, സ്കൂൾ മത്സരങ്ങളിൽ സംസ്ഥാന തല ജേതാക്കളായവർക്കും സാദിഖലി തങ്ങൾ പുരസ്കാരങ്ങൾ നൽകി. മഹല്ല് ഖാസി ഒ.ടി മുസ്തഫ ഫൈസി, ഉമർ ഹുദവി പൂളപ്പാടം പ്രഭാഷണം നടത്തി.
സെക്രട്ടരി കാവുങ്ങൽ മുഹമ്മദ്‌ മുസ്തഫ സ്വാഗതം പറഞ്ഞു. കെ. എം മുജീബ്‌ റഹ്‌മാൻ,സഫീർ ഫൈസി പുല്ലഞ്ചേരി, അബ്ദുൽ വഹാബ്‌ ഫൈസി മീനാർ കുഴി, സി ഹംസ ഹാജി,പെരിഞ്ചീരി കുഞ്ഞിമുഹമ്മദ്‌ ഹാജി, എം സൈതലവി ഹാജി, ടി. നിഷാദ്‌ മാസ്റ്റർ, സി പി സൈനുദ്ദീൻ, തെക്കത്ത്‌ ബീരാൻ ഹാജി പ്രസംഗിച്ചു. വനിതാ സംഗമം പാണക്കാട്‌ സയ്യിദത്ത്‌ ശരീഫ സുൽഫത്ത്‌ ബീവി ഉദ്ഘാടനം ചെയ്തു.