14 വർഷങ്ങൾക്കു ശേഷം നീതി; ബിന്ദുവിന് ഒന്നാം റാങ്കോടെ നിയമനം

Education Keralam News

ന്യൂഡല്‍ഹി: കേരള സര്‍വകലാശാലയിലെ അധ്യാപക നിയമന പട്ടികയില്‍ ഒന്നാം റാങ്കു നേടിയ തന്നെ തഴഞ്ഞ് റാങ്ക്‌ മറ്റൊരാൾക്ക് നൽകിയ നടപടിക്കെതിരെ നിയമ പോരാട്ടം നടത്തിയ ബിന്ദുവിന് 14 വർഷങ്ങൾക്കു ശേഷം നീതി ലഭിച്ചു. കേരള സര്‍വകലാശാലക്കെതിരെ 2007 ലെ നിയമന നടപടി ചോദ്യം ചെയ്ത് ബിന്ദു സുപ്രീം കോടതിയില്‍ നൽകിയ പരാതിയിലാണ് അനുകൂലമായ വിധിയുണ്ടായത്.

നിലവിൽ തൈക്കാട് ഗവ. ട്രെയിനിംഗ് കോളജില്‍ ഗ്രേഡ്-3 അസി. പ്രൊഫസറായ ബിന്ദുവിന് കിട്ടാതെ പോയ 14 വര്‍ഷത്തെ സര്‍വീസ് കൂടെ അംഗീകരിച്ച്‌ മുന്‍കാല പ്രാബല്യത്തോടെ നിയമനം നല്‍കാനാണ് സുപ്രീം കോടതി ഉത്തരവ്. ഇപ്പോൾ 53 വയസ്സുള്ള ബിന്ദുവിന് ഇനി ആറു വര്ഷം കൂടെ സർവീസിൽ തുടരാം. ജസ്റ്റിസുമാരായ കെ എം ജോസഫ്, രവീന്ദ് ഭട്ട് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് അനുകൂലമായ ഉത്തരവിട്ടത്.

അധ്യാപക തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും ബിന്ദുവിനായിരുന്നു ഒന്നാം സ്ഥാനം. എന്നാൽ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചത് അംഗീകാരമില്ലാത്ത പ്രസിദ്ധീകരണങ്ങളിലാണെന്ന് ആരോപിച്ച് നിയമന യോഗ്യതയിലെന്ന വസ്തുതാവിരുദ്ധമായ കാരണത്താൽ റാങ്ക് നിഷേധിക്കുകയായിരുന്നു. യാഥാർത്ഥത്തിൽ സര്‍വകലാശാല അംഗീകരിച്ച അന്താരാഷ്ട്ര ജേര്‍ണലിലേതടക്കം ഒൻപത് പബ്ലിക്കേഷനുകൾ അവരുടെ പേരിലുണ്ടായിരുന്നു.വ്യാജ ആരോപണത്തിലൂടെ അവരെ അയോഗ്യയാക്കി 78 മാര്‍ക്ക് ലഭിച്ച അന്നത്തെ സിന്‍ഡിക്കേറ്റംഗത്തിന്റെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നൽകി ജോലി നൽകുകയായിരുന്നു. അന്നത്തെ വൈസ് ചാന്‍സലര്‍ അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് പ്രതിയാക്കിയിരുന്ന ഡോ. എം കെ രാമചന്ദ്രന്‍ നായരായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇതിനു മുൻപ് പരാതിയിൽ ഹൈക്കോടതിയെ സമീപിക്കുകയും റാങ്ക് ഉയര്‍ത്തി നിയമനം നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഡിവിഷന്‍ ബെഞ്ച് സര്‍വകലാശാലയുടെ അപ്പീല്‍ അനുവദിച്ചതോടെയാണ് ബിന്ദു സുപ്രീം കോടതിയെ സമീപിച്ചത്. ഇപ്പോൾ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച ജേണലുകള്‍ക്ക് അംഗീകാരമുണ്ടെന്ന് സര്‍വകലാശാല സുപ്രീം കോടതിയില്‍ സമ്മതിച്ചതോടെയാണ് ബിന്ദുവിനെ ഒന്നാം റാങ്കുകാരിയായി അംഗീകരിച്ചുള്ള നിയമനം. അന്ന് ബിന്ദുവിന് പകരം ജോലിക്ക് പ്രവേശിച്ച സ്ത്രീ മറ്റൊരു യൂണിവേഴ്സിറ്റിയിലേക്ക് മാറിയതിനാൽ ആരുടേയും ജോലി ഇതുമൂലം നഷ്ടപ്പെടില്ല.

രസതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ബി എഡും എംഎഡും, ഇതിനുപുറമെ സോഷ്യോളജി, സൈക്കോളജി, ഫിലോസഫി എന്നിവയില്‍ ബിരുദാനന്തര ബിരുദങ്ങളും ബിന്ദു നേടിയിട്ടുണ്ട്. എഡ്യൂക്കേഷനില്‍ പിഎച്ച്‌ ഡി നേടിയ ബിന്ദുവിന്റെ മേല്‍നോട്ടത്തില്‍ ഇതുവരെ 13പേര്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്.