ഹീറോ ഹോണ്ട ഫാഷന്‍ പ്ലസ് മോട്ടോര്‍സൈക്കിളിന്റെ ആര്‍.സി ബുക്ക് ഡ്യൂപ്ലിക്കേറ്റായി ഉണ്ടാക്കി മറ്റൊരു ബൈക്കിന് ഉപയോഗിച്ചു. മലപ്പുറം ആര്‍.ടി ഓഫീസ് ജീവനക്കാരും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയും അറസ്റ്റില്‍

Crime Local News

മലപ്പുറം: ഹീറോ ഹോണ്ട ഫാഷന്‍ പ്ലസ് മോട്ടോര്‍സൈക്കിളിന്റെ ആര്‍.സി ബുക്ക് ഡ്യൂപ്ലിക്കേറ്റായി ഉണ്ടാക്കി മറ്റൊരു ബൈക്കിന് ഉപയോഗിച്ചു. പിന്നില്‍ കളിച്ച മലപ്പുറം ആര്‍ ടി ഓഫീസ് ജിവനക്കാരെയും, മലപ്പുറം അരീക്കോട്ടെ മലബാര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തു.ഒറിജിനല്‍ ആര്‍.സി ബുക്കില്‍ ചെറിയ തിരുത്തലുകള്‍ വരുത്തി ആര്‍.സി ഇഷ്യു ചെയ്ത കേസില്‍ മലപ്പുറം ആര്‍.ടി ഓഫിസിലെ സതീശ് ബാബു, ഗീത, മുന്‍ ഓഫിസ് ജീവനക്കാരനായ അനിരുദ്ധന്‍ എന്നിവരേയും, അരീക്കോട് മലബാര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമ ഉമ്മറിനേയുമാണ് മലപ്പുറം പോലിസ് അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് സ്വദേശിയായ വാഹന ഉടമ അദ്ദേഹത്തിന്റെ ബൈക്കിന് ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒ ടി പി നമ്പര്‍ ലഭിക്കാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണു വമ്പന്‍ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ഒ.ടി.പി പോകുന്നതു മറ്റേതോ ഫോണ്‍ നമ്പറിലേക്കാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ആര്‍.സി സംബന്ധിച്ച് സംശയമുയരുകയും ഇന്‍ഷുറന്‍സ് എടുക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി നല്‍കുകയുമായിരുന്നു. അന്വേഷണത്തില്‍ മലപ്പുറം സബ് ആര്‍.ടി ഓഫിസില്‍ ഇതേ നമ്പറില്‍ മറ്റൊരു ബൈക്ക് കൂടി ഉള്ളതായി കണ്ടെത്തി. ഈ വിവരം മലപ്പുറം ആര്‍.ടി ഓഫിസ് അധികൃതര്‍ക്ക് കൈമാറി. ഇതോടെ മലപ്പുറം ആര്‍.ടി.ഒ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ആന്വേഷണത്തിലാണ് അതേ ഓഫിസിലെ തന്നെ ജീവനക്കാരാണ് പ്രതികളെന്ന് കണ്ടെത്തിയത്.

പ്രതികളില്‍ അനിരുദ്ധന്‍, സതീശ് ബാബു, ഉമ്മര്‍ എന്നിവരെ മഞ്ചേരി കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു. ഗീതക്ക് ജാമ്യം അനുവദിച്ചു. ഇടനിലക്കാര്‍ വഴി ആര്‍.ടി.ഓഫീസ് ജീവനക്കാര്‍ പണംതട്ടിയതായാണു സംശയം ഉയര്‍ന്നിട്ടുള്ളത്. പണം വാങ്ങി വ്യാജ രേഖയുണ്ടാ്ക്കി നല്‍കിയതാണോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
2012 ല്‍ മലപ്പുറംആര്‍.ടി ഓഫീസില്‍ വ്യാജ ആര്‍.സി ഉണ്ടാക്കാന്‍ അപേക്ഷ സമര്‍പ്പിച്ചതാണ് ഏജന്റായ ഉമ്മര്‍ ഇല്ലിക്കലിനെതിരെയുള്ള കേസ്. അരീക്കോട് കാവനൂര്‍ സ്വദേശിയായ ഇയാളാണ് കേസിലെ ഒന്നാം പ്രതി. അന്നത്തെ ജോയിന്റ് ആര്‍.ടി.ഒ ആയിരുന്ന ഇപ്പോള്‍ മരണപെട്ടതുമായ പി.കെ വിജയനാണ് കേസലെ രണ്ടാംപ്രതി.
അപേക്ഷ സ്വീകരിച്ച് ഫീസ് വാങ്ങിയ അന്നത്തെ മലപ്പുറം ആര്‍ടിഒ ഓഫീസിലെ ക്ലാര്‍ക്ക് സതീഷ് ബാബു നിലവില്‍നിലമ്പൂര്‍ ജോയിന്റ് ആര്‍.ടി.ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കാണ്. ഇയാളാണ് കേസിലെ മൂന്നാം പ്രതി. ടൈപ്പിസ്റ്റ് ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന പൂക്കോട്ടൂര്‍ മുണ്ടികത്തൊടിക ഗീത ഇപ്പോള്‍ തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി ഓഫീസില്‍ ടൈപ്പിസ്റ്റാണ്. ഇവരാണു കേസിലെ നലാം പ്രതി. , അന്നത്തെ പി.ആര്‍.ഒ യും സൂപ്രണ്ടുമായിരുന്ന അനിരുദ്ധന്‍, 2018 ല്‍ റിട്ടേര്‍ഡ് ആയി. ഇയാളാണ് കേസിലെ അഞ്ചാം പ്രതി.

ഇവര്‍ക്കെതിരെ അന്വേഷണം നടത്തി വരവേ 22നു വൈകുന്നേരം 1, 3, 4, 5 എന്നീ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതി മുന്‍പാകെ ഹാജരാക്കി. 1, 3, 5 എന്നീ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യുകയും ഗീതക്ക് താല്‍ക്കാലിക ജാമ്യം അനുവദിക്കുകയും ചെയ്യുകയായിരുന്നു.
കഥ ഇങ്ങിനെ…
തിരുവനന്തപുരം സ്വദേശി നാഗപ്പന്‍ എന്നയാളുടെ പേരില്‍15/04/2009 ല്‍ നെയ്യാറ്റിന്‍കര ജോയിന്റ് ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കെ.എല്‍ 20 എ. 7160 ഹീറോ ഹോണ്ട ഫാഷന്‍ പ്ലസ് മോട്ടോര്‍സൈക്കിളിന്റെ രജിസ്‌ട്രേഷന്‍ നമ്പറും എന്‍ജിന്‍ നമ്പറും ചേസിസ് നമ്പറും മറ്റൊരു മോട്ടോര്‍സൈക്കിളില്‍ വ്യാജമായി ഉണ്ടാക്കി 14/02/2012 തിയ്യതി മലപ്പുറം ആര്‍.ടി ഓഫീസില്‍ നിന്ന് ബിനു, പറങ്ങോടന്‍, പുളിയക്കോട്, കീഴ്‌ശ്ശേരി എന്നയാളുടെ പേരില്‍ കെ.എല്‍. 20 എ 7160 മോട്ടോര്‍സൈക്കിളിന്റെ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചതാണ് കേസ്.
മലപ്പുറം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ പരാതി പ്രകാരം 10.01.2023 തിയ്യതി ബിനു എന്നയാളെ പ്രതിയാക്കി 465, 466, 468, 471 ഐ.പി.സി പ്രകാരം കേസ് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.