റിസേർവ് ബറ്റാലിയൻ സ്പെഷ‍്യൽ കമാന്‍റോ ചാലിയാറിൽ നീന്തുന്നതിനിടെ മുങ്ങിമരിച്ചു

Keralam Local News

നിലമ്പൂർ: ഇന്ത‍്യൻ റിസേർവ് ബറ്റലിയൻ സ്പെഷ്യൽ കമാന്‍റോ ചാലിയാർ പുഴയിൽ നീന്തുന്നതിനിടെ മുങ്ങി മരിച്ചു. നിലമ്പൂർ എം.എസ്.പി ക‍്യാമ്പിലെ ആന്റി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് അംഗം തിരുവനന്തപുരം പാങ്ങോട് എസ്.എൻ.വില്ലയിൽ ഷാജിയുടെ മകൻ ജെ.റാസി ആണ് (33) മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ ആണ് അപകടം. ക‍്യാമ്പിലെ മറ്റു സേന അംഗങ്ങളോടൊപ്പം ചാലിയാറിൽ കുളിക്കുന്നതിനിടെയാണ് സംഭവം. ക‍്യാമ്പിന് താഴെ ചാലിയാറിന്‍റെ മറുകരയിലേക്ക് നീന്തുന്നതിനിടെ പുഴയുടെ മധ‍്യത്തിൽ എത്തിയപ്പോൾ മുങ്ങി താഴുകയായിരുന്നു. സ്ഥിരമായി നീന്തുന്ന ഇടമാണിത്. കൂടെ ഉണ്ടായിരുന്നവരും ഫയർഫോഴ്സും പൊലീസും എമർജൻസി റെസ്ക‍്യൂ ഫോഴ്സും രക്ഷപ്രവർത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.