കോവാക്സിന് സൗദിയിൽ അംഗീകാരമില്ല; വീണ്ടും വാക്സിനെടുക്കാനുള്ള അനുമതിക്കായി പ്രവാസി ഹൈക്കോടതിയിൽ

Health Keralam News

കൊച്ചി: എടുത്ത വാക്സിൻ ജോലി ചെയ്യുന്ന രാജ്യത്ത് അംഗീകാരം ഇല്ലാത്തതിനെ തുടർന്ന് പുതിയ ഡോസ് വാക്സിനെടുക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാര്‍ നാട്ടിൽ നിന്ന് കോവാക്സിൻ രണ്ടു ഡോസുകളുമെടുത്തെങ്കിലും ജോലി ചെയ്യുന്ന സൗദിയിൽ കോവാക്സിൻ അംഗീകാരം ഇല്ലാത്തതാണ് കുഴപ്പമായത്.

കഴിഞ്ഞ എട്ടുവര്‍ഷമായി സൗദി അറേബ്യയിലെ ദമ്മാമിൽ വെല്‍ഡറായി ജോലി ചെയ്യുന്ന ഗിരികുമാറിന് വിസ നിബന്ധന പ്രകാരം ഓഗസ്റ്റ് 30 ന് മുൻപ് സൗദി അറേബ്യയിലേക്ക് മടങ്ങി പോകണം. ഇല്ലെങ്കിൽ ജോലി നഷ്ടപ്പെടും. കൊവാക്‌സിന്‍ സൗദി അറേബ്യയില്‍ അംഗീകരിക്കാത്തതിനാല്‍ അവിടെ അംഗീകാരമുള്ള കോവിഷീല്‍ഡ് വാക്‌സിനെടുക്കാനുള്ള അനുമതിയാണ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിന് വെബ്‌സൈറ്റിൽ ഒരാൾക്ക് മൂന്നാമത്തെ വാക്സിൻ എടുക്കാനുള്ള ഓപ്ഷൻ ഇല്ലാത്തതിനാലാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഹർജി ഈ മാസം ഒൻപതാം തീയ്യതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഈ വര്ഷം ജനുവരിയിലാണ് ഗിരികുമാര്‍ കേരളത്തിലെത്തിയത്. 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിൻ ലഭ്യമായപ്പോൾ പാസ്‌പോര്‍ട്ട് വിവരങ്ങൾ നൽകി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. അത് പ്രകാരം ഏപ്രില്‍ 17 ന് ആദ്യത്തെ കൊവാക്‌സിന്‍ ഡോസും, ഒരു മാസത്തിനുശേഷം രണ്ടാമത്തേതും ലഭിച്ചു. അതിനു ശേഷമാണ് കോവാക്സിൻ സൗദി സര്‍ക്കാര്‍ അംഗീകരിക്കാത്ത കാര്യം അറിഞ്ഞതെന്ന് ഗിരികുമാർ വ്യക്തമാക്കുന്നുണ്ട്.