ഓണമടക്കമുള്ള ആഘോഷങ്ങളിൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ നിര്‍ദേശവുമായി കേന്ദ്രം

Health India News

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗ സാധ്യതയുള്ളതിനാൽ ഉത്സവാഘോഷങ്ങൾക്ക് പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സംസ്​ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സർക്കാർ നിര്‍ദേശം നല്‍കി. വരാനിരിക്കുന്ന ഓണം, മുഹറം, ജന്മാഷ്​ടമി, ഗണേഷ ചതുര്‍ഥി, ദുര്‍ഗ പൂജ തുടങ്ങിയ ആഘോഷങ്ങൾക്കാണ് ഒത്തുചേരുന്നതിലൂടെ കോവിഡ് വ്യാപനമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചത്.

ആഘോഷ ചടങ്ങുകളിൽ ആളുകൾ ഒത്തുചേരുമെന്നും ഇത് കോവിഡ്​ വ്യാപനം കൂട്ടാന്‍ കരണമായേക്കാമെന്നും​ ഐ.സി.എം.ആറും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്രത്തിന് മുന്നറിയിപ്പ്​ കൊടുത്തിരുന്നു. ഇത് പരിഗണിച്ചാണ്​ ചീഫ്​ സെക്രട്ടറിമാര്‍ക്ക്​ ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്‍ കത്തയച്ചത്​. ഇന്ത്യയിൽ ആകെ കോവിഡ് കേസുകൾ കഴിഞ്ഞ മാസം കുറവാണെങ്കിലും കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും കോവിഡ് കണക്കുകൾ ആശ്വാസം നൽകുന്നതല്ല. അതുകൊണ്ട് ജൂണ്‍ 29ന് കേന്ദ്രം പുറപ്പെടുവിച്ച നിർദേശങ്ങൾ സംസ്​ഥാനങ്ങള്‍ കര്‍​ശനമായി പാലിക്കണമെന്ന്​ കത്തില്‍ പറയുന്നുണ്ട്. വരാൻ പോകുന്ന ഉത്സവാഘോഷങ്ങളുടെ സമയത്ത് പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഒത്തുചേരലുകള്‍ തടയുന്നതും സംസ്ഥാനങ്ങള്‍ കാര്യമായി പരിഗണിക്കണമെന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.

വൈറസ് ഒരാളില്‍ നിന്ന് എത്രപേരിലേക്കാണ് അസുഖം പകരുന്നത് എന്ന് സൂചിപ്പിക്കുന്ന ആര്‍-വാല്യു ഇന്ത്യയിൽ ഒന്നിന് മുകളിൽ ഉയരുന്നതിൽ കേന്ദ്രത്തിന് ആകുലതയുണ്ടായിരുന്നു. കുറഞ്ഞു വന്നിരുന്ന ആർ വാല്യൂ ജൂലൈ 27ന് ശേഷം ഉയരുകയായിരുന്നു. ഇത് വ്യാപനം വർധിക്കുന്നതിന് സൂചനയായതുകൊണ്ടാണ് ആവശ്യമായ മുൻകരുതലുകളും നിയന്ത്രണങ്ങളും എടുക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്. നിലവിൽ കേരളമടക്കമുള്ള ആര് സംസ്ഥാനങ്ങളായി 18 ജില്ലകളില്‍ കഴിഞ്ഞ നാലാഴ്ചയായി പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനവാണ്.