കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ പോത്തുകല്ലില്‍ നാല് പേര്‍ അറസ്റ്റില്‍

Crime Keralam News

എടക്കര: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ കോണ്‍ഗ്രസ് നേതാവടക്കം നാല് പേരെ വനം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് പനങ്കയം പാതാര്‍ വിരുപ്പുകണ്ടത്തില്‍ ബാലകൃഷ്ണന്‍ (63), പാതാര്‍ എടക്കുളങ്ങര മുരളീധരന്‍(49), കൊട്ടുപാറ പത്തൂരാന്‍ മുനീര്‍(37), പാതാര്‍ കണ്ടമംഗലത്ത് ഷിജു(35) എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കഴിഞ്ഞ എട്ടാം തീയതി പോത്തുകല്‍ ഭൂദാനം ഇരൂള്‍കുന്ന് വനമേഖലയില്‍ നിന്നും കാട്ടുപോത്തിനെ വേട്ടയാടിയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ ഇരൂള്‍കുന്ന് വനമേഖലയില്‍ നിന്നും ലഭിച്ചിരുന്നു. കാട്ടുപോത്തിനെ വേട്ടയാടിയ സ്ഥലത്ത് നിന്നും നൂറ് മീറ്റര്‍ അകലയായി വനത്തിലെ കുഴിയില്‍ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച നിലയിലായിരുന്നു. പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ അവശിഷ്ടങ്ങള്‍ പ്രതികള്‍ വനം ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. ലൈസന്‍സില്ലാത്ത നാടന്‍ തോക്കുപയോഗിച്ചാണ് പ്രതികള്‍ കാട്ടുപോത്തിനെ വേട്ടയാടിയത്. എന്നാല്‍ തോക്ക് കണ്ടെത്താനായില്ല. വേട്ട സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്നും ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ കെ.ജി അന്‍വര്‍, കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ ഗിരീശന്‍, എസ്.എഫ്.ഒമാരായ സി മാനുക്കുട്ടന്‍, വി.എം സുരേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.