വീട് കുത്തി പൊളിച്ച് കവർച്ച നടത്തിയ സംഭവത്തിൽ രണ്ടാം പ്രതി അറസ്റ്റിൽ

Crime Local News

നിലമ്പൂർ: ചന്തക്കുന്ന് ഫാത്തിമഗിരി റോഡിൽ മൂന്നാക്കൽ ജമീലയും കുടുംബവും താമസിക്കുന്ന വീടിൻ്റെ മുൻവശം വാതിൽ തകർത്ത് അകത്തു കയറി കവർച്ച നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ടാം പ്രതിയും അറസ്റ്റിൽ. നിരവധി കളവുകേസ്സുകളിൽ പ്രതിയായ മേട്ടുപ്പാളയം ആലം കൊമ്പ് സ്വദേശി നൊട്ടരാജനെയാണ് (59) സി ഐ എ.എൻ ഷാജുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഗസ്ത് 15ന് പുലർച്ചെ 3 മണിയോടെയാണ് പ്രതിയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘം കവർച്ച നടത്തിയത്. ഗൃഹനാഥയും കുടുംബവും നാരോക്കാവിലുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. വീട്ടിൽ ആളില്ല എന്നു മനസ്സിലാക്കിയ പ്രതികൾ തൊട്ടടുത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും കൈക്കലാക്കിയ പണിയായുധങ്ങൾ ഉപയോഗിച്ച് വീടിൻ്റെ മുൻവശം വാതിൽ തകർക്കുകയായിരുന്നു. അതിനു മുമ്പായി മുൻവശത്തെ സി സി ടി വി ക്യാമറകൾ മുകളിലേക്ക് തിരിച്ചു വച്ചിരുന്നു. അലമാരിയിൽ സൂക്ഷിച്ചിരുന്ന ആറര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും 60000 രൂപയും പ്രതികൾ കൈക്കലാക്കി. മോഷണ കേസ്സിൽ ഉൾപ്പെട്ട് ജയിലിലായിരുന്ന പ്രതി കഴിഞ്ഞ ജൂലൈയിലാണ് ജയിൽ മോചിതനായത്. ഇതിനു ശേഷം വയനാട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലായി കവർച്ച നടത്തിയിരുന്നു. മോഷണം നടത്തിയാൽ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. മോഷണമുതലുകൾ ഉപയോഗിച്ച് ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു. ഒന്നാം പ്രതി മേട്ടുപ്പാളയം സ്വദേശി കുട്ടി വിജയനെ ഒക്ടോബറിൽ അറസ്റ്റ് ചെയ്തിരുന്നു.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. എസ് ഐ തോമസ് കുട്ടി ജോസഫ്, സിപിഓമാരായ അനീറ്റ് ജോസഫ്, അജീഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ടായിരുന്നു