എ ടി എം കൗണ്ടറില്‍ മോഷണ ശ്രമം: പ്രതി പിടിയില്‍

Crime Local News

നിലമ്പൂര്‍: നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിന്റെ വഴിക്കടവ് ശാഖയുടെ എ ടി എം കൗണ്ടറിലും വഴിക്കടവ് സുവര്‍ണ്ണ നിധി ലിമിറ്റഡ് ധനകാര്യ ശാഖയിലും മോഷണ ശ്രമം നടത്തിയ പ്രതി പിടിയില്‍. തിരുവാലി പത്തിരിയാല്‍ പൂന്തോട്ടം നന്ദനം വീട്ടില്‍ അമല്‍ (27)നെയാണ് വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് വഴിക്കടവ് പഞ്ചായത്തങ്ങാടിയിലെ നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിന്റെ വഴിക്കടവ് ശാഖയുടെ എ ടി എം കൗണ്ടര്‍ പൊളിച്ച് മോഷണം ശ്രമം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്.മഴു കൊണ്ട് കൗണ്ടറിന്റെ ഫ്രൈം വെട്ടിപ്പൊളിച്ച് മോഷണത്തിന് ശ്രമിച്ചെങ്കിലും പണം എടുക്കാനായിരുന്നില്ല.
ജില്ലാ പോലീസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ അബ്രാഹാം, വഴിക്കടവ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക സ്‌ക്വാഡുകളായി നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയത്. വഴിക്കടവിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച അമ്പതിലേറെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. പ്രതി മലപ്പുറം- ഊട്ടി കെ എസ് ആര്‍ ടി ബസ്സില്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി ഗൂഡല്ലൂര്‍ പോലീസിന്റെ സഹായത്തോടെ ഗൂഡല്ലൂര്‍ ടൗണിലെ സി സി ടി വി ദൃശ്യങ്ങളും ലോഡ്ജുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.ആദ്യമായാണ് മോഷണത്തിന് ശ്രമിക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വഴിക്കടവ് സുവര്‍ണ്ണ നിധി ലിമിറ്റഡിന്റെ ശാഖയിലും മോഷണ ശ്രമം നടത്തിയതായി പ്രതി മൊഴി നല്‍കി. ആദ്യം സുവര്‍ണ്ണ നിധിയുടെ പൂട്ട് ആക്സോ ബ്ലേഡ് കൊണ്ട് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍
എ ടി എം കൗണ്ടര്‍ തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.വഴിക്കടവ് പോലീസ് സ്റ്റേഷനിലെ എസ് ഐ അബൂബക്കര്‍, എ എസ് ഐ അനില്‍കുമാര്‍, പോലീസുകാരായ അനുമാത്യൂ, കെ നിജേഷ് , രതീഷ്, അഭിലാഷ്, ആസിഫ്,ഇ ജി പ്രദീപ് , വിനീഷ് മാന്തൊടി, പി വിനു, പിവി നിഖില്‍ ,ഗൂഡല്ലൂര്‍ പോലീസിലെ എസ് എസ് ഐ ഇബ്രാഹിം, പോലീസുകാരായ പ്രഭാകരന്‍, അന്‍ബലാഗന്‍, ഷെഫീഖ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.