വേങ്ങരയില്‍ ആധാര രജിസ്‌ട്രേഷന്‍ മുടക്കം പതിവാകുന്നു

Local News

വേങ്ങര: വസ്തുപ്രമാണങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ മുടങ്ങുന്നത് വേങ്ങരയില്‍ പതിവാകുന്നു. ഇന്‍ട്രാനെറ്റ് തകരാറ് മൂലമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ പ്രമാണ രജിസ്‌ട്രേഷന്‍ മുടങ്ങുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുള്ള കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക് ന്റെ സര്‍വര്‍ വഴിയാണ് സബ് രജിസ്ട്രാര്‍ ഓഫീസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്‍ട്രാനെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. എന്നാല്‍ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍വര്‍ മെല്ലെപ്പോക്ക് തുടങ്ങിയിട്ട് മാസങ്ങളായി. വസ്തുപ്രമാണ വിലയുടെ പത്ത് ശതമാനം മുദ്രയിനത്തിലും ഫീസിനത്തിലും ട്രഷറിയില്‍ അടവാക്കിയ ശേഷമാണ് രജിസ്‌ട്രേഷനു വേണ്ടി പൊതുജനം ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതിപ്പെട്ടിരുന്നെങ്കിലും ദുരിതത്തിന് അറുതിയായിട്ടില്ല.

അവധി കഴിഞ്ഞ് പുതുവര്‍ഷ ദിനമായ ഇന്നലെ പ്രമാണ രജിസ്‌ട്രേഷനു വേണ്ടി വന്ന നിരവധിയാളുകളാണ് വൈകുന്നേരമായിട്ടും ഇന്‍ട്രാനെറ്റ് സംവിധാനം ലഭിക്കാത്തതിനാല്‍ തിരിച്ചു പോയത്. അതെ സമയം, സബ് രജിസ്ട്രാര്‍ ഓഫീസില്‍ കെ ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ മറ്റ് സൗകര്യങ്ങളൊന്നും അനുവദിച്ചിട്ടില്ല. കെ ഫോണ്‍ വഴി ലഭിക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗിച്ചാല്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാന്‍ പറ്റില്ലെന്നതും പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണത വര്‍ധിപ്പിക്കുകയാണ്. കെസ്വയുടെ സര്‍വര്‍ പ്രശ്‌നം പരിഹരിച്ചാലും സര്‍വര്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തില്‍ വൈദ്യുതി ഇല്ലാതായാലും സേവനം നിലക്കും. കെട്ടിടത്തില്‍ യു.പി.എസ് സംവിധാനമില്ലാത്തതാണ് ഇതിന് കാരണമായി പറയുന്നത്. സംസ്ഥാന ഐ.ടി മിഷന്റെ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്കിന് ആവശ്യമായ ഫണ്ടില്ലാത്തതാണ് പ്രശ്‌നപരിഹാരം വൈകുന്നതെന്നും ആരോപണമുണ്ട്.
കൃത്യമായ ഇടവേളകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആധാരമെഴുത്ത് അസോസിയേഷന്‍ വേങ്ങര യൂനിറ്റ് പ്രസിഡന്റ് സി ബാബു, സെക്രട്ടറി എം ഖമറുദ്ദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.