ക്ഷേത്ര ഭണ്ഡാരം പൊളിച്ച് മോഷണം. നിരവധി കളവുകേസ്സുകളിലെ പ്രതി അറസ്റ്റിൽ.

Crime Local News

പൂക്കോട്ടുംപാടം: ക്ഷേത്ര ഭണ്ഡാരം പൊളിച്ച് മോഷണം. അഞ്ചാംമൈൽ അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ചു 5000 രൂപയോളം കവർച്ച നടത്തിയ കേസ്സിലെ പ്രതി കരുവാരക്കുണ്ട് പുൽവെട്ട സ്വദേശി ചെള്ളപ്പുറത്ത് ദാസൻ എന്ന മുത്തു ദാസനെ (46)യാണ് പൂക്കോട്ടുംപാടം പോലീസ് ഇൻസ്പെക്ടർ സി.എൻ.സുകുമാരൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നവംബർ 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിരവധി കളവു കേസ്സുകളിൽ പ്രതിയായ ദാസന് ക്ഷേത്രത്തെ കുറിച്ചും പരിസരത്തെ കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ പ്രതി മുൻപ് ജോലിക്കായി പ്രദേശത്ത് വന്നിരുന്നു. കമ്പിപ്പാര ഉപയോഗിച്ച് 3 ഭണ്ഡാരങ്ങളാണ് പൊളിച്ചത്. പ്രധാന ശ്രീകോവിലിനു മുമ്പിലെ ഭണ്ഡാരം പൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കമ്പിപ്പാര തൊട്ടടുത്ത ക്വാറിയിലെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ് ട്രെയിൻ മാർഗ്ഗം രക്ഷപ്പെടുകയായിരുന്നു. മോഷണ ദൃശ്യങ്ങൾ മുഴുവൻ ക്ഷേത്രത്തിലെ CCTV യിൽ പതിഞ്ഞിരുന്നു. 5 ന് രാവിലെ ക്ഷേത്ര ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് ക്ഷേത്രം ഭാരവാഹികൾ പോലീസിൽ പരാതി നൽകി. നിലമ്പൂർ ഡി വൈ എസ് പി സാജു.കെ.അബ്രഹാമിൻ്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് CCTV ദൃശ്യങ്ങൾ പരിശോധിച്ചും മുൻകുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനകം പ്രതി അറസ്റ്റിലായത്. മറ്റൊരു കളവുകേസ്സിലുൾപ്പെട്ട് ജയിലായിരുന്ന പ്രതി 4 മാസം മുമ്പാണ് ജാമ്യത്തിനിറങ്ങിയത്. മദ്യപാനത്തിനു പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ സ്ത്രീകളടക്കമുള്ള നാട്ടുകാർ പ്രതിക്കെതിരെ രോഷാകുലരായാണ് പെരുമാറിയത്. കാളികാവ്, മേലാറ്റൂർ, കരുവാരക്കുണ്ട് , പെരിന്തൽമണ്ണ സ്റ്റേഷനുകളിലായി പ്രതിക്കെതിരെ പതിനഞ്ചോളം മോഷണ കേസ്സുകളുണ്ട്. എ എസ് ഐ എ ജാഫർ, സീനിയർ സി പി ഓ മാരായ സാനിർപുതുക്കുടി,കെ സിയാദ്., സിപിഒ സജീഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.