ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വീട്ടില്‍ മോഷണം : 20 പവന്‍ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു

Crime Local News

മഞ്ചേരി : ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ വി നന്ദകുമാറിന്റെ വീട്ടില്‍ മോഷണം. 20 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. മഞ്ചേരി അരുകിഴായ വേട്ടഞ്ചേരിപ്പറമ്പിലെ പ്രഭാത് വീട്ടിലാണ് ഇന്നലെ രാവിലെ മോഷണം നടന്നത്. ഇന്നലെ രാവിലെ എട്ടിനും ഒമ്പതിനും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു.
ഡോ. കെ വി നന്ദകുമാര്‍ തിരുവനന്തപുരത്താണ്. ഭാര്യ മീരയും മകന്‍ സിദ്ദാര്‍ത്ഥും ഇന്നലെ രാവിലെ വീട് പൂട്ടി താക്കോല്‍ സ്ഥിരമായി വയ്ക്കുന്ന സ്ഥലത്തു വച്ച് ആശുപത്രിയില്‍ പോയതായിരുന്നു. ഇതിനിടെ വീട്ടിലെ ജോലിക്കാരി എത്തി വീട് തുറന്നു പതിവ് ജോലി ചെയ്തു വീട് പൂട്ടി പോയി. വീട്ടുകാര്‍ ആശുപത്രിയില്‍ നിന്നു തിരിച്ചെത്തിയപ്പോഴാണ് ബെഡ് റൂമിലെ അലമാരയില്‍ ബോക്‌സില്‍ സൂക്ഷിച്ച സ്വര്‍ണാഭരണം നഷ്ടമായത് അറിയുന്നത്. മരുമകളുടെ സ്വര്‍ണാഭരണമാണ് നഷ്ടമായതെന്ന് വീട്ടുകാര്‍ പറഞ്ഞു. താക്കോല്‍ സ്ഥിരമായി വയ്ക്കുന്ന സ്ഥലം അറിയുന്നവരാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം. ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ നടന്ന മോഷണം പൊലീസിനെയും നാട്ടുകാരെയും ആശയക്കുഴപ്പത്തിലാക്കി. മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.
അരുകിഴായയിലും പരിസരത്തും മോഷണം പതിവായിരിക്കയാണ്. ഒരു മാസം മുന്‍പ് 4 വീടുകളില്‍ മോഷണം നടന്നിരുന്നു. ആറു മാസം മുന്‍പ് പ്രദേശത്തെ മറ്റൊരു വീട്ടില്‍ നിന്നും എട്ടു പവന്‍ മോഷണം പോയിരുന്നു. ഡോ. നന്ദകുമാറിന്റെ അയല്‍ വീട്ടില്‍ രണ്ടു വര്‍ഷം മുമ്പും മോഷണം നടന്നിരുന്നു. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റിപ്പോർട്ട് :ബഷീർ കല്ലായി