യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസ് : വിചാരണ ആരംഭിച്ചു

Crime Local News

മഞ്ചേരി : യുവാവിനെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയും മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊക്കയില്‍ തള്ളുകയും ചെയ്തുവെന്ന കേസിന്റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്)യില്‍ ആരംഭിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടി നീരുട്ടിക്കല്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പു (35) ആണ് കൊല്ലപ്പെട്ടത്. കോഴിപ്പുറം പള്ളിക്കല്‍ സ്വദേശികളായ മാനാട്ടുപുറം അഷ്റഫ് (44), മാടത്തിലക്കണ്ടി മുതുവാട്ട് ഫാസില്‍ അന്‍സാര്‍ (39), വയറൊട്ടി വീട്ടില്‍ അന്‍സാര്‍ (35), തേഞ്ഞിപ്പലം നീരോല്‍പ്പലം പറമ്പാളില്‍ പൊന്നച്ചന്‍ മുഹമ്മദ് റഫീഖ് എന്ന റാഫി (36), പുത്തൂര്‍ പള്ളിക്കല്‍ സോപാനം ഹൗസില്‍ നെടുമ്പള്ളി മാട്ടില്‍ രാജേഷ് (35), പള്ളിക്കല്‍ പരുത്തിക്കോട് കുറുപ്പന്‍തൊടി നെടുമ്പള്ളി മാട്ടില്‍ ബിജേഷ് കുഞ്ഞാണി (35), ഫറോക്ക് ചുങ്കം വായപ്പൊറ്റത്തറ ചാലിയില്‍ കടവത്ത് മാളിയില്‍ ആഷിഖ് (35), പുളിക്കല്‍ ഒളവട്ടൂര്‍ തോണിക്കല്ലുപാറ ഇരുമ്പിടിച്ചോല അബ്ദുല്‍ റഷീദ് (36) എന്നിവരാണ് കേസിലെ പ്രതികള്‍. കൊല്ലപ്പെട്ട കുഞ്ഞിമുഹമ്മദും സുഹൃത്ത് കോയയും കേസിലെ നാലാം പ്രതി റാഫി, ഏഴാം പ്രതി ആഷിഖ് എന്നിവരുമായി സാമ്പത്തിക ഇടപാട് നടന്നിരുന്നു. ഇതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തേഞ്ഞിപ്പലം മുണ്ടിയന്‍മാട് പള്ളിപ്പടി കോണ്‍ക്രീറ്റ് റോഡിലെ ചായിച്ചന്‍കുട്ടിത്തൊടി എന്ന സ്ഥലത്ത് നില്‍ക്കുകയായിരുന്ന കുഞ്ഞി മുഹമ്മദിനെ പ്രതികള്‍ സംഘം ചേര്‍ന്ന് ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ ബലമായി പിടിച്ച് കയറ്റിക്കൊണ്ടു പോകുകയായിരുന്നു. 2012 നവംബര്‍ 19ന് രാത്രി എട്ടു മണിക്കാണ് സംഭവം. കാര്‍ രാമനാട്ടുകര-കോഴിക്കോട് ബൈപ്പാസ് റോഡിലൂടെ പോകവെ പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും അത്തോളിക്ക് സമീപം വെച്ച് മൂന്നാം പ്രതി ശക്തിയായി നെഞ്ചിനിടിച്ചതില്‍ കുഞ്ഞിമുഹമ്മദ് മരണപ്പെട്ടുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മരണം ഉറപ്പാക്കിയ പ്രതികള്‍ മൃതദേഹം താമരശ്ശേരി ചുരത്തിലെ എട്ടാം വളവിനും ഒമ്പതാം വളവിനുമിടയില്‍ വെച്ച് മലഞ്ചേരുവിലേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞിമുഹമ്മദിനെ കാണാനില്ലെന്ന് ഭാര്യ നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. 2012 നവംബര്‍ 26ന് പ്രതികളായ റാഫി, രാജേഷ്, ബിജേഷ് എന്നിവരെയും 28ന് അവശേഷിക്കുന്നവരെയും തിരൂരങ്ങാടി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എ ഉമേഷ് അറസ്റ്റ് ചെയ്തു. പ്രതികള്‍ തന്നെയാണ് മൃതദേഹം പൊലീസിന് കാണിച്ചു നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഇന്‍സ്പെക്ടറായി വന്ന ബി അനിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ. പി പി ബാലകൃഷ്ണന്‍ ഇന്നലെ കേസിലെ ഒന്നാം സാക്ഷി കൊല്ലപ്പെട്ട കുഞ്ഞിമുഹമ്മദിന്റെ രണ്ടാം ഭാര്യയെ കോടതി മുമ്പാകെ വിസ്തരിച്ചു. രണ്ടാം ഭാര്യ രണ്ടാം സാക്ഷിയാണെങ്കിലും ഇവര്‍ കേസന്വേഷണ വേളയില്‍ മരണപ്പെട്ടിരുന്നു. മൂന്നാം സാക്ഷിയായ ആദ്യഭാര്യയിലെ മകനെ ഇന്ന് വിസ്തരിക്കും.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി