അബ്ദുല്‍ കരീം വധക്കേസ് : വയോധികനെയും മകനെയും കോടതി വെറുതെവിട്ടു

Crime Local News

മഞ്ചേരി : കരിപ്പൂര്‍ കരുവാന്‍കല്ല് നടകശ്ശേരി തണ്ണിപ്പിലായില്‍ അബ്ദുല്‍ കരീം (52)നെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ എഴുപതുകാരനെയും മകനെയും മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. പെരുവള്ളൂര്‍ കരുവാന്‍കല്ല് വള്ളിക്കുന്നന്‍ അഹമ്മദ് കുട്ടി (70), മകന്‍ നിയാസ് അഹമ്മദ് (37) എന്നിവരെയാണ് ജഡ്ജി എം തുഷാര്‍ വെറുതെ വിട്ടത്. 2014 ജനുവരി ഒമ്പതിനാണ് കേസിന്നാസ്പദമായ സംഭവം. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അബ്ദുല്‍ കരീമിനെ പ്രതികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ കൊല്ലപ്പെട്ട അബ്ദുല്‍ കരീം വര്‍ഷങ്ങളായി ഹൃദ്രോഗിയായിരുന്നുവെന്നും ഹൃദയ സ്തംഭനമാണ് മരണകാരണമെന്നും പ്രതികള്‍ക്കു വേണ്ടി ഹാജരായ അഡ്വ. ജോസി ജേക്കബ്, അഡ്വ. കെ സുമന്‍, അഡ്വ. കെ എ ഹനാന്‍ ഹമീദ് എന്നിവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 38 സാക്ഷികളെ വിസ്തരിച്ച കോടതി 51 രേഖകളും 9 തൊണ്ടി മുതലുകളും പരിശോധിച്ചു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി