ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു. പീഡന വിവരം സ്‌കൂള്‍ മാനേജ്‌മെന്റ് മറച്ചുവെക്കാന്‍ശ്രമിച്ചു. മലപ്പുറം വളാഞ്ചേരിയില്‍ പോക്സോ കേസില്‍ മലയാളം അധ്യാപകന്‍ അറസ്റ്റില്‍

Crime Local News

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ജയരാജനാണ് അറസ്റ്റിലായത്. ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ടുകുട്ടികളുടെ പരാതിയിലാണു
അറസ്റ്റ്. സംഭവത്തില്‍ കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് ഈ പരാതി പ്രധാന അധ്യാപികയും പി ടി എ കമ്മിറ്റിയും പോലീസിനെയും ചൈല്‍ഡ്ലൈനിനെയും വിവരം അറിയിച്ചു.

തുടര്‍ന്ന് സ്‌കൂളിലെത്തി മൊഴി രേഖപ്പെടുത്തിയ പോലീസും ചൈല്‍ഡ് ലൈനും ചേര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി കോഴിക്കോട് സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജനെ അറസ്റ്റ് ചെയ്യുകയായിരിന്നു. രണ്ട് കുട്ടികളാണ് സമാനപരാതികളുമായി രംഗത്തെത്തിയത്. പീഡനത്തിനിരയായ കുട്ടികളുടെ പരാതി മാനേജ്മെന്റ് മറച്ച് വെച്ചുവെന്നും അക്ഷേപമുണ്ട്. മലയാള അധ്യാപകനായ പ്രതി ലൈംഗീക ഉദ്ദേശത്തോടെ കഴിഞ്ഞ മാസത്തില്‍ പല ദിവസങ്ങളില്‍ പല തവണകളിലായി കുട്ടികള്‍ക്ക് മേല്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി. അതേ സമയം കുട്ടികളുടെ പരാതി സ്‌കൂള്‍ മാനേജ്മെന്റ് മറച്ച്‌വെക്കാന്‍ ശ്രമിച്ചതായി ആരോപണങ്ങള്‍ ഉള്‍പ്പെടെ പോലീസ് അന്വേഷണം നടത്തും. സമാനമായി കുട്ടികള്‍ക്കു അനുഭവമുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ സ്‌കൂളിലെ മറ്റുകുട്ടികള്‍ക്കും കൗണ്‍സിലിംഗ് കൊടുക്കുന്നതുള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നു അധികൃതര്‍ പറഞ്ഞു.
സമാനമായ മലപ്പുറം പൊന്നാനി പാലപ്പെട്ടിയില്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ മൂന്നു മദ്രസ അധ്യാപകരുള്‍പ്പെടെ നാല് പേരെ പോക്സോ നിയമ പ്രകാരം പെരുമ്പടപ്പ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. പാലപ്പെട്ടി യു.പി സ്‌കൂളില്‍ നടന്ന കൗണ്‍സിലിങില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴി അനുസരിച്ചു ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് വെളിയങ്കോട് സ്വദേശി തൈപ്പറമ്പില്‍ ബാവ (54) പാലപ്പെട്ടി സ്വദേശി പോറ്റാടി വീട്ടില്‍ കുഞ്ഞഹമ്മദ്( 64)പാലക്കാട് സ്വദേശി മണത്തില്‍ വീട്ടില്‍ ഹൈദ്രോസ് (50) പാലപ്പെട്ടി സ്വദേശി തണ്ണിപ്പാരന്റെ വീട്ടില്‍ മുഹമ്മദുണ്ണി( 67)എന്നിവരെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകരും, മറ്റൊരാള്‍ ഒരു വിദ്യാര്‍ത്ഥിയുടെ അയല്‍വാസിയുമാണ്. നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പെരുമ്പടപ്പ് പൊലീസ് ഇവരെ പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.