കൗൺസിലറുടെ കൈത്താങ്ങിൽ എട്ടു വയസ്സുകാരി സ്കൂളിലെത്തി.

Local News

കോട്ടയ്ക്കൽ : കൗൺസിലറുടെ കൈത്താങ്ങിൽ എട്ടു വയസ്സുകാരി സ്കൂളിലെത്തി. നഗരസഭാ സ്ഥിരസമിതി അധ്യക്ഷ ഡോ.കെ.ഹനീഷ ഒരു മാസമായി നടത്തിയ പരിശ്രമങ്ങൾക്കു ഫലമുണ്ടായി. അസം സ്വദേശി യായ തൊഴിലാളിയുടെ മകളായ എട്ടു വയസ്സു കാരി ഒടുവിൽ ജി എം യു പി സ്കൂളിലെ രണ്ടാം ക്ലാസിൽ വിദ്യാർഥിയായി ചേർന്നു.

ഈ കുടുംബവും ഇവിടെയെത്തിയിട്ടു രണ്ടു വർഷമായി. പ്രായം കഴിഞ്ഞിട്ടും ഏകമകളെ രക്ഷിതാക്കൾ സ്കൂളിൽ ചേർക്കാത്ത കാര്യം അയൽവാസിയാണു വാർഡ് പ്രതിനിധിയായ ഹനീഷയെ അറിയിച്ചത്. സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ ഹനീഷ ഇവരുടെ താമസസ്ഥലത്തെത്തി കുട്ടിയെ ഈ വർഷം ചേർക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട്, കോവിലകം റോഡിലുള്ള ജി എം യു പി സ്കൂളിലെത്തി പ്രവേശനത്തിനാവശ്യമായ നടപടികൾ സ്വീകരിച്ചു.

മകളെ വിദ്യാലയത്തിൽ പറഞ്ഞയയ്ക്കാൻ രക്ഷിതാക്കൾ മടികാണിച്ചതോടെ അങ്കണവാടി പ്രവർത്തകർക്കൊപ്പം വീണ്ടും വീട്ടിലെത്തി വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത ധരിപ്പിച്ചത്. ഫോണിലൂടെയും നിരന്തരം ബന്ധപ്പെട്ടു. ഒടുവിൽ രക്ഷിതാക്കൾ കഴിഞ്ഞദിവസം കുട്ടിയെ ചേർത്തു. 8 വയസ്സായതിനാൽ നേരെ രണ്ടാം ക്ലാസിൽ ചേർക്കുകയായിരുന്നു. മാതൃഭാഷയായ ഉറുദു എഴുതാനും വായിക്കാനും അറിയുന്ന കുട്ടിക്ക് മലയാളം സംസാരിക്കാനറിയും. തന്റെ പരിശ്രമത്തിന്റെ ഫലമായി ക്ലാസിലെത്തിയ കുട്ടിയെ കാണാൻ ഡോ . ഹനീഷ മിഠായികളുമായെത്തി കുട്ടിയുടെ ആദ്യ ദിനത്തിന് മാറ്റു കൂട്ടി.