റിദാൻ ബാസിൽ വധ കേസ്സിൽ പ്രതിക്ക് തോക്ക് നൽകിയ യു.പി. സ്വദേശി അറസ്റ്റിൽ.

Crime News

എടവണ്ണ. റിദാൻ ബാസിൽ വധ കേസ്സിൽ പ്രതി ഷാന് തോക്ക് നൽകിയ യു.പി. സ്വദേശി അറസ്റ്റിൽ. ഹാപ്പൂർ ജില്ലയിലെ ഖുറാന സ്വദേശി കുർഷിദ് ആലം(44) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി എസ് .സുജിത് ദാസ് ഐ പി എസ് ൻ്റെ നിർദ്ദേശപ്രകാരം എടവണ്ണ എസ് ഐ വി.വിജയരാജൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഹാപ്പൂർ ജില്ലയിലെ ഖുറാനയിൽ വെച്ച് അറസ്റ്റ് ചെയ്തത്. കുർഷിദും ഷാനും രണ്ടു വർഷം മുമ്പ് ഒരുമിച്ച് സൗദിയിൽ ജോലി ചെയ്തിരുന്നു. ബഹ്റിനിൽ നിന്നും സൗദിയിലേക്ക് ഷാനു വേണ്ടി മദ്യം കടത്തിയതിന് 2021 ൽ കുർഷിദ് ആലം പിടിക്കപ്പെട്ടിരുന്നു. ഈ കേസ്സിൽ കുർഷിദും ഷാനും 6 മാസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് രണ്ടു പേരേയും സൗദിയിൽ നിന്നും നാടുകടത്തി. നാട്ടിലെത്തി റിദാനെ കൊല്ലാൻ പദ്ധതിയിട്ട ഷാൻ കഴിഞ്ഞ മാർച്ചിൽ വീണ്ടും കുർഷിദുമായി ബന്ധപ്പെടുകയും, താൻ നാട്ടിൽ സ്വർണ്ണത്തിൻ്റെ ബിസിനസ്സ് നടത്തുന്നുണ്ടെന്നും അതിൻ്റെ സുരക്ഷക്കായി ഒരു തോക്കു വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് മാർച്ച് മാസം അവസാനം ഹാപ്പൂരിലെത്തിയ ഷാന്, ഒരു ലക്ഷത്തി പതിനായിരം രൂപക്ക് കുർഷീദ് 8 റൗണ്ട് നിറക്കാൻ കഴിയുന്ന പിസ്റ്റളും 20 റൗണ്ടും സംഘടിപ്പിച്ചു നൽകുകയായിരുന്നു. തോക്കുമായി നാട്ടിലെത്തിയ ഷാൻ യൂടൂബിൽ നോക്കി തോക്കിൻ്റെ പ്രവർത്തനങ്ങൾ പഠിക്കുകയും, ഷാൻ്റെ നിർമ്മാണത്തിലുള്ള വീട്ടിൽ വെച്ച് തോക്കുപയോഗിക്കാൻ പരിശീലനം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ 28 ന് വിമാന മാർഗ്ഗം ഹാപ്പൂരിലേക്ക് പോയ അന്വേഷണ സംഘം യു പി പോലീസിൻ്റ സഹായത്തോടുകൂടിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് സാമ്പത്തിക സഹായം നൽകുകയും തോക്ക് വാങ്ങാൻ സഹായിക്കുകയും ചെയ്ത പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എടവണ്ണ സ്റ്റേഷനിലെ ഷിനോജ് മാത്യൂ, സബീറലി, ഡാൻസാഫ് അംഗങ്ങളായ കെ.ടി ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്