തട്ടിപ്പുകേസില്‍ അറസ്റ്റിലായ വനിതാപോലീസുകാരി ചില്ലറക്കാരിയല്ല. പണംതട്ടിയത് പല രീതിയില്‍

Crime Keralam Local News

മലപ്പുറം: തട്ടിപ്പുകേസില്‍ അറസ്റ്റിലായ മലപ്പുറം തവനൂര്‍ സ്വദേശിനിയായ വനിതാ പോലീസുകാരി ചില്ലറക്കാരിയല്ല. പണംതട്ടിയത് പല രീതിയില്‍. വന്‍ ലാഭം വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്നായി സ്വര്‍ണവും പണവും വാങ്ങി തട്ടിപ്പു നടത്തിയ കേസില്‍ അറസ്റ്റിലായ വനിതാ പൊലീസുകാരിയെ ചുറ്റിപ്പറ്റി നിരവധി നിഗൂഡതകളാണു പുറത്തുവരുന്നത്. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എ എസ് ഐ, മലപ്പുറം തവനൂര്‍ സ്വദേശിനി ആര്യശ്രീയാണ്(47) ഒറ്റപ്പാലം പൊലീസ് അറസറ്റ് ചെയ്തിരുന്നത്. എന്നാല്‍ ആര്യശ്രീക്കെതിരെ സമാനമായ പല പരാതികളും നിലനില്‍ക്കുന്നുണ്ട്. പലതും കേസിന്റെ വക്കത്തുമാണ്. മലപ്പുറം വളാഞ്ചേരി, കൊപ്പം മേഖലകളില്‍നിന്നും കാര്‍ റന്റിനു വാങ്ങി പണയം വെച്ചും ആര്യശ്രീ ലക്ഷങ്ങള്‍ വാങ്ങിച്ചിരുന്നു.

റന്റ് പണം മുടങ്ങിയതോടെ പണയംവെച്ചവരില്‍നിന്നും ഉടമകള്‍ കാറുകള്‍ രണ്ടാംചാവി ഉപയോഗിച്ചു പൊക്കിക്കൊണ്ടുപോയപ്പോഴാണു പോലീസുകാരി തങ്ങള്‍ക്കു നല്‍കിയ റന്റിനു വാങ്ങിച്ച കാറാണെന്നു ഇവര്‍ക്കു മനസ്സിലായത്. ചെറിയ തുക റെന്റ് നല്‍കി രണ്ടും മൂന്നും ലക്ഷം രൂപ പണയംവെച്ചാണു ആര്യശ്രീ പണം വാങ്ങിച്ചിരുന്നത്. ഇത്തരത്തില്‍ 10ലക്ഷം രൂപയോളമാണു വളാഞ്ചേരി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിനു നല്‍കാനുണ്ടായിരുന്നത്. പണയംവെച്ച കാറുകള്‍ സംഘം മറ്റുള്ളവര്‍ക്കു റെന്റിനു നല്‍കുകയാണു ചെയ്തിരുന്നത്. എന്നാല്‍ റെന്റിനു നല്‍കിയ ആളുകള്‍ വാഹനം നിര്‍ത്തിയിടുന്ന സമത്തു വാഹനത്തിന്റെ യഥാര്‍ഥ ഉടമകള്‍ രണ്ടാംചാവി ഉപയോഗിച്ചുകൊണ്ടുപോകുന്നതു പതിവായി. ആര്യശ്രീ പോലീസുകാരിയാണെന്നതിനാല്‍ തന്നെ തങ്ങളെ വഞ്ചിക്കില്ലെന്ന വിശ്വാസത്തിലാണു ഇവര്‍ പണയമായി കാര്‍ വാങ്ങിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം മനസ്സിലാക്കിയതോടെ സംസാരമുണ്ടാകുകയും ഒത്തുതീര്‍പ്പിലെത്തുകയുമായിരുന്നു.
പിന്നീടു ഘട്ടംഘട്ടമായി ഏഴു ലക്ഷത്തോളം രൂപ തങ്ങള്‍ തിരിച്ചുനല്‍കിയതായും സംഘം പറഞ്ഞു. ഇനി മൂന്നര ലക്ഷത്തോളം രൂപ തിരിച്ചു നല്‍കാനുണ്ട്. അത് ഈമാസം 30നു നല്‍കാമെന്നായിരുന്നു ധാരണയെന്നും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ സമാനമായി വേറെയും ആരോപണങ്ങള്‍ ആര്യശ്രീക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഏക മകളായ ആര്യശ്രീയും കുടുംബവും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ തന്നെയാണ്. എന്നിട്ടും മകളുടെ ഈ പ്രവര്‍ത്തനങ്ങള്‍ എന്തിനാണെന്നു മാതാപിതാക്കള്‍ക്കും അറിയില്ല. പലകേസുകളും മാതാപിതാക്കള്‍ തന്നെ പണം നല്‍കി ഒത്തുതീര്‍ത്തതായും ഇവരോടടുത്ത വൃത്തങ്ങള്‍ പറയുന്നു. തുടര്‍ന്നു അച്ചടക്കമില്ലാത്ത സാമ്പത്തിക ക്രമക്കേടുകാരണം പ്രായമായ മാതാപിതാക്കള്‍ വിഷയത്തില്‍ ഇടപെടാതെ മാറി നില്‍ക്കുകയായിരുന്നു. അതേ സമയം ഇത്തരത്തില്‍ വന്‍തോതിലുള്ള പണം ആര്യശ്രീ എന്തുചെയ്തുവെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

നേരത്തെ കടുമാങ്ങയുടേത് ഉള്‍പ്പെടെ പഴയകാലത്തെ അച്ചാറുകളുണ്ടാക്കി വില്‍പന നടത്തുന്ന ബിസിനസ്സും ആര്യശ്രീ നടത്തിയിരുന്നു.
2019ലാണു ഈ ബിസിനസ്സ് തുടങ്ങിയത്. തുടര്‍ന്നു വല്ലപ്പുഴ ചെറുകോട്, പട്ടാമ്പി കോളജ് ഭാഗത്ത്, വാടാനംകുറിശ്ശി എന്നിവിടങ്ങളില്‍ ഷോപ്പുകളും ഇട്ടിരുന്നതായി പറയുന്നു. ആര്യശ്രീയുടെ സ്വന്തം വീടായ വെങ്കിട്ടക്കല്‍ ഇല്ലാത്തുവെച്ചാണു അച്ചാറുകള്‍ ഉണ്ടാക്കിയിരുന്നത്. ഇതിനായി മൂന്നുജോലിക്കാരും ഉണ്ടായിരുന്നതായി ഇവരോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതിന് പുറമെ മാക്‌സി ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ ഷോപ്പ് എന്നിവയും നടത്തിയിരുന്നെങ്കിലും ഇതൊന്നും സ്വന്തംപേരിലായിരുന്നില്ലെന്നാണ് വിവരം. തന്റെ ഭൂമി വില്‍പനക്കുവെച്ചിട്ടുണ്ടെന്നും ഇതുവില്‍പന നടത്തിയാല്‍ ഉടന്‍ പണം നല്‍കാമെന്നുമായിരുന്നു ഇവര്‍ പലരോടും നേരത്തെ പറഞ്ഞിരുന്നത്. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് കൂടിയാണു ആര്യശ്രീ.

വന്‍ ലാഭം വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്നായി സ്വര്‍ണവും പണവും വാങ്ങി തട്ടിപ്പു നടത്തിയ കേസില്‍ ആര്യശ്രീ്(47) അറസ്റ്റിലാകുന്നത്. ഇതിലെ പരാതിക്കാരായ രണ്ടുപേരും ഇവരുടെ സുഹൃത്താണെന്നാണു വിവരം. തൃശൂര്‍ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി തിരികെ നല്‍കാതെ കബളിപ്പിച്ചെന്നാണു പരാതി.
എന്നാല്‍ ഈ സ്വര്‍ണം നിലവില്‍ ബാങ്കില്‍ പണയംവെച്ചതാണെന്നും നഷ്ടമായിട്ടില്ലെന്നും ആര്യശ്രീയുടെ ബന്ധുക്കള്‍ പറഞ്ഞു.
പണവും സ്വര്‍ണവും വാങ്ങി അഞ്ച് വര്‍ഷം പിന്നിട്ടിട്ടും മുടക്ക് മുതലോ ലാഭമോ തിരികെ നല്‍കാതെ വന്നതോടെയാണ് ആര്യ ശ്രീക്കെതിരെ പരാതിയുമായി ഇരുവരും രംഗത്തെത്തിയത്. ഒരു വര്‍ഷത്തിനകം സ്വര്‍ണവും മൂന്ന് ലക്ഷം രൂപ ലാഭവും നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് പഴയന്നൂര്‍ സ്വദേശിനിയില്‍നിന്നു സ്വര്‍ണം കൈക്കലാക്കിയതെന്നാണു പൊലീസ് പറയുന്നത്. 2017ലാണ് ഇവരെ കബളിപ്പിച്ച് ആര്യശ്രീ പണവും സ്വര്‍ണവും തട്ടിയെടുത്തത്. ഇതിനു ശേഷം മൂന്ന് ഘട്ടങ്ങളിലായി ഇവരില്‍നിന്ന് ഒന്നര ലക്ഷം രൂപ വാങ്ങിയെടുത്തെന്നും പൊലീസ് പറഞ്ഞു.ആര്യശ്രീയും പഴയന്നൂര്‍ സ്വദേശിനിയും സഹപാഠികളാണ്. ഈ ബന്ധം വെച്ച് സഹപാഠിയുടെ വിശ്വസ്തത നേടി പണവും സ്വര്‍ണവും കൈക്കലാക്കുക ആയിരുന്നു. ഒറ്റപ്പാലം നഗരത്തില്‍ വച്ചായിരുന്നു ഇടപാടുകള്‍. ഒരു വര്‍ഷം കൊണ്ട് ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്തതോടെ ആര്യശ്രീയടെ ചതിക്കുഴിയില്‍ കൂട്ടുകാരി വീഴുകയായിരുന്നു. സ്വര്‍ണവും പണവും തിരികെ ലഭിക്കാതിരുന്നതോടെയാണു പഴയന്നൂര്‍ സ്വദേശിനി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

രണ്ടു വര്‍ഷം മുന്‍പാണ് ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴര ലക്ഷം രൂപ കൈക്കലാക്കിയത്. വ്യവസായം തുടങ്ങാനെന്നു പറഞ്ഞു പണം വാങ്ങിയെന്നാണു വിവരം. ഇരുവരുടെയും പരാതികളില്‍ 2 കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് അറസ്റ്റ്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നു ഇന്നു ജാമ്യം ലഭിച്ചതായാണു വിവരം. അതേ സമയം ആര്യശ്രീയെ അന്വേഷണ വിധേയമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.