കുടുംബശ്രീ ജനകീയ ഹോട്ടലുകൾ ശക്തിപ്പെടുത്തും: പി.വി അബ്ദുൽ വഹാബ് എം.പി

Keralam News

മലപ്പുറം : വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കുടുംബശ്രീ എന്റെ ഹോട്ടലുകൾ വൈവിധ്യവത്കരിക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. ആദ്യ ഘട്ടമായി ‘എന്റെ ഹോട്ടൽ ‘ ജീവനക്കാർക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം മലപ്പുറത്ത് ആരംഭിച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള ജൻ ശിക്ഷൺ സംസ്ഥാനുമായി സഹകരിച്ച് നൽകുന്ന പരിശീലനം പി.വി അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ശുചിത്വം, രുചി എന്നിവയ്ക്ക് പ്രധാന്യം നൽകി കലർപ്പില്ലാത്ത ഭക്ഷണം നൽകിയാൽ ജനകീയ ഹോട്ടലുകള്‍ക്ക് വിജയിക്കാൻ കഴിയുമെന്ന് എം.പി പറഞ്ഞു. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എം.പി പറഞ്ഞു. ചടങ്ങില്‍ നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. ജെ.എസ്.എസ് ഡയറക്ടർ വി ഉമ്മർ കോയ, കുടുംബശ്രീ പ്രൊജക്ട് മാനേജർ കെ നൗഫൽ, പ്രോഗ്രാം ഓഫീസർ സി ദീപ എന്നിവർ സംസാരിച്ചു. ഹോട്ടൽ മാനേജ്മെന്റ്, പുതിയ വിവഭവങ്ങളുടെ നിർമാണം, മാർക്കറ്റിങ് എന്നിവയിലാണ് പരിശീലനം. പരിശീലനം ഏപ്രിൽ 19ന് സമാപിക്കും. ഉച്ചഭക്ഷണത്തിന് പുറമെ മറ്റു വിഭവങ്ങൾ കൂടെ തയ്യാറാക്കുന്നതിൽ പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. നിലവിൽ കൂടുതൽ ഹോട്ടലുകളും ഉച്ചഭക്ഷണം മാത്രമാണ് നൽകുന്നത്.