പുറപ്പെടാന്‍ നിന്ന ബസിലെ ഡ്രൈവറെപിടിച്ചിറക്കി ആള്‍ക്കൂട്ട ആക്രമണം.ആക്രമണ ദൃശ്യം പുറത്ത്

Crime Local News

മലപ്പുറം: യാത്രക്കാരുമായി പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്ന സ്വകാര്യ ബസില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ആള്‍ക്കൂട്ട ആക്രമണം. സംഭവം നടന്നത് ഇന്ന് രാവിലെ നിലമ്പൂര്‍ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡില്‍. ക്രൂര മര്‍ദനത്തിന് ഇരയായത് തിരൂര്‍ നിലമ്പൂര്‍ റൂട്ടിലോടുന്ന ബസിലെ ജീവനക്കാരന്‍. മര്‍ദന ദൃശ്യങ്ങള്‍ പുറത്ത്. വഴിക്കടവില്‍ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബദരിയ ബസിലെ ഡ്രൈവര്‍ മക്കരപറമ്പ് സ്വദേശി ഷാനവാസിന് നേരെ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇന്ന് രാവിലെ പത്തരയോടെയാണ് ആക്രമണമുണ്ടായത്. ഡ്രൈവറുടെ സീറ്റിനടുത്ത വാതിലിലൂടെയും യാത്രക്കാര്‍ കയറുന്ന വാതിലിലൂടെയും ബസില്‍ കയറിയ അക്രമിസംഘം ഡ്രൈവറെ ബസില്‍ നിന്ന് വലിച്ച് താഴേക്കിട്ടാണ് ആക്രമിച്ചത്. സ്റ്റാന്‍ഡിലുണ്ടായിരുന്ന ബസ് തൊഴിലാളികളും യാത്രക്കാരും ഇടപെട്ടിട്ടും സംഘം ഡ്രൈവറെ ക്രൂരരമായി ആക്രമിച്ചു. ഏറെ പാടുപെട്ടാണ് അക്രമികളെ നിയന്ത്രിച്ചത്. ഷാനവാസിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനഞ്ചോളം വരുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്ന് ഷാനവാസ് ടി.വി.എന്‍ ന്യൂസിനോട് പറഞ്ഞു. രാവിലെ മഞ്ചേരിയില്‍ നിന്ന് വഴിക്കടവിലേക്ക് പോകുന്നതിനിടെ ബസില്‍ കയറിയ ഒരു കുട്ടി ബോണറ്റിന് സമീപത്തെ കമ്പിയില്‍ തൂങ്ങിയാടിയപ്പോള്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് ഷാനവാസ് പറഞ്ഞു. കുട്ടിയുടെ കൂടെയുണ്ടായിരുന്ന ഉമ്മ യാത്രക്കിടെ ഇറങ്ങിപ്പോയിരുന്നതായും പോകുന്നതിനിടെ ക്ലീനറെ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. വഴിക്കടവിലേക്ക് പോയ ബസ് തിരൂരിലേക്കുള്ള യാത്രക്കിടെ ചന്തക്കുന്ന് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.