മോഷണശ്രമം: മലപ്പുറം കോഡൂര്‍ എന്‍ കെ പടി സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

Breaking Crime Keralam Local News

പരപ്പനങ്ങാടി: മോഷണശ്രമം – രണ്ട് പേര്‍ പരപ്പനങ്ങാടിയില്‍ പിടിയില്‍. മുമ്പ് കളവ് കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന മലപ്പുറം കോഡൂര്‍ എന്‍ കെ പടി അബ്ദുള്‍ സത്താര്‍ മകന്‍ അബ്ദുല്‍ ജലീല്‍ (31) എന്ന മോഷ്ടാവിനെയും കര്‍ണാടകയിലെ കെ ഐ നഗര്‍ അസീസിയ കോര്‍ട്ടേര്‍സില്‍ അക്ബര്‍ ഷുഹൈബ് (22) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി പരപ്പനങ്ങാടി ബി ഇ എം സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നും പരപ്പനങ്ങാടി പോലീസ് പിടികൂടിയത്. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചു ബൈക്ക് മോഷണം കഴിഞ്ഞ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷിന്റെ നിര്‍ദ്ദേശാനുസരണം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള പെട്രോളിങ്ങ് ശക്തമാക്കിയിരുന്നു. അതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാത്രി അസമയത്ത് ആരോ രണ്ടു പേര്‍ ബി ഇ എം സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് മതില്‍ ചാടി കടന്നിട്ടുണ്ട് എന്നുള്ള രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ സത്യനും സി പി ഒ പ്രബിഷും നടത്തിയ തിരച്ചിലില്‍ സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് നിന്നും മലപ്പുറം പോലീസ് സ്റ്റേഷനിലെ ആറോളം കളവ് പ്രതിയായിട്ടുള്ള ജലീലും കര്‍ണാടകയില്‍ മൂന്നു കളവ് കേസുകളില്‍ പ്രതിയായിട്ടുള്ള ശുഹൈബിനെയും പിടികൂടിയത്. തുടര്‍ന്ന് ചോദ്യം ചെയ്തതിലാണ് ഇവര്‍ മോഷണം നടത്തുന്നതിനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ എത്തി എന്നും രാത്രി ആയതിനു ശേഷം മോഷണത്തിനായി ഇറങ്ങിയതാണെന്നും സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു