കെ പി സി സി പുനഃസംഘടന; അഞ്ച് വർഷക്കാലം ഭാരവാഹികളായവരെ പരിഗണിക്കില്ല

Keralam News Politics

കെ പി സി സി രാഷ്ട്രീയകാര്യ സമിതിയുടെ പുനഃസംഘടനയിൽ അഞ്ച് വർഷക്കാലം ഭാരവാഹികളായ നേതാക്കളെ വീണ്ടും പരിഗണിക്കില്ല. ഇന്ന് നടത്തിയ മുതിർന്ന നേതാക്കളുടെ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഇതോടൊപ്പം ഇപ്പോൾ ജനപ്രതിനിധികളായിട്ടുള്ള നേതാക്കളേയും പുനഃസംഘടനയിൽ നിന്നും ഒഴിവാക്കും.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് ഇന്ന് ചർച്ച നടത്തിയിരുന്നത്. ഡിസിസി പുനസംഘടന കാരണം നിരവധി വിമർശനങ്ങളും പ്രശ്നങ്ങളും ഉണ്ടായ സാഹചര്യത്തിൽ വളരെയധികം സൂക്ഷിച്ചാണ് കെപിസിസി പുനഃസംഘടനയെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്. അതിന്റെ ഭാഗമായാണ് ഭാരവാഹിത്വത്തിനു കൃത്യമായ മാനദണ്ഡം നിർണയിച്ചത്.

അതേസമയം കോൺഗ്രസ്സ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ മാറ്റം കൊണ്ടുവരുമെന്നും കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന സമയത്തേക്കാൾ ശക്തമാണ് പ്രതിപക്ഷമെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി. ഒരുമിച്ച്, ജനങ്ങളോട് അടുത്ത് നിന്നുള്ള പ്രവർത്തന ശൈലിയാണ് പാർട്ടിയിൽ കൊണ്ടുവരേണ്ടത്. പാർട്ടിയിൽ വിള്ളലുകൾ ഉണ്ടാക്കി ദുർബലപ്പെടുത്താനുള്ള മറ്റു പാർട്ടിക്കാരുടെ ശ്രമത്തിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി.