പോലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിന് 20 വര്ഷം തടവും പിഴയും

Breaking Crime Keralam News

വൈക്കം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റെജിമോനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 20 വര്ഷം തടവും മുക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. ഉല്ലല ഓണിശ്ശേരി ലക്ഷംവീട് കോളനിയില്‍ അഖില്‍ എന്ന ലെങ്കോ (32) യെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജോണ്‍സണ്‍ ജോണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ലെങ്കോ 20 വര്ഷം തടവ് ശിക്ഷ അനുഭവിക്കണം.
2019 ഒക്ടോബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
മറ്റൊരു വധശ്രമകേസില്‍ ഒളിവിലായിരുന്ന അഖിലിനെ പിടികൂടാന്‍ എത്തിയ പോലീസ് സംഘത്തില്‍ നിന്നും പ്രതി ഓടിരക്ഷപ്പെടുകയും പിന്നാലെയെത്തിയ പൊലീസുകാരെ മരക്കൊമ്പ് കൊണ്ട് നേരിടുകയും ചെയ്യുകയായിരുന്നു.കൂട്ടത്തില്‍ റെജിമോനെ പാടത്തേക്ക് തള്ളിയിട്ട് ശരീരത്തില്‍ കയറിയിരുന്ന് ആക്രമിക്കുകയും ചെയ്തു. വൈക്കം എസ്.ഐയും സംഘവും ബലം പ്രയോഗിച്ചാണ് പ്രതിയെ റെജിമോന്റെ ശരീരത്തില്‍ നിന്ന് മാറ്റിയത്. പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അഖിലിനെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതക ശ്രമം, മോഷണം തുടങ്ങിയ വിവിധ വകുപ്പുകളില്‍ 26 കേസുകള്‍ നിലവിലുണ്ട്. 294ബി, 324 , 332 ,333 , 506 (2 )എന്നീ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വൈക്കം സ്റ്റേഷന്‍ ഹൌസ് ഇന്‍സ്‌പെക്ടറായ എസ്. പ്രദീപാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ജിതേഷ് കോടതിയില്‍ ഹാജരായി.