കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസ്; ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടു

Education Keralam News

സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്​തകങ്ങൾ കണ്ണൂർ സർവകലാശാലയുടെ സിലബസിൽ ഉൾപ്പെടുത്തിയ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. സർവകലാശാല വൈസ് ചാൻസലറോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ലഭിച്ചതിനു ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. വിവാദം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് സമ്മർപ്പിക്കുമെന്ന് സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ സ്വകാര്യ ചാനലിനോട് പറഞ്ഞിട്ടുണ്ട്.

സിലബസിൽ വർഗീയത കൊണ്ടുവന്നെന്ന പേരിൽ പാല ഭാഗങ്ങളിൽ നിന്നായി വിഷയത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്. കെ എസ് യു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ സർവകലാശാല വിസിയെ തടഞ്ഞു നിർത്തി പ്രതിഷേധം അറിയിച്ചു. ആർഎസ്എസ് സൈദ്ധാന്തികരുടെ വർഗീയപരമായ പ്രസ്താവനകളുള്ള പുസ്തകം സിലബസിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. ഇവർ വിസിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തല്ക്കാലം ഈ സിലബസ് പഠിപ്പിക്കില്ലെന്നും അഞ്ചു പേരുടെ വിദഗ്ധ സംഘം സിലബസ് പുനഃപരിശോധിക്കുമെന്നും തീരുമാനമായിട്ടുണ്ട്.