താലിബാനെതിരെയുള്ള പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ സ്ഥിതിയാവും; എം കെ മുനീറിന് ഭീഷണിക്കത്ത്

Crime Keralam News Politics

കോഴിക്കോട്: അഫ്ഗാനിസ്ഥാൻ വിഷയത്തിൽ താലിബാനെതിരായുള്ള ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ജോസഫ് മാഷിന്റെ സ്ഥിതിവരുമെന്നും ഭീഷണിപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന് കത്ത്. ടൈപ്പ് ചെയ്തിട്ടുള്ള കത്ത് തപാൽ മാർഗം വഴിയാണ് മുനീറിന് കിട്ടിയത്. രൂക്ഷമായ ഭാഷയിലാണ് കത്തെഴുതിയിട്ടുള്ളതെന്നും ഇതിന്റെ പകർപ്പ് അടക്കം വെച്ച് പോലീസ് മേധാവിക്ക് പരാതി കൊടുത്തിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ എംകെ മുനീർ അറിയിച്ചു.

താലിബാൻ എതിരെയുള്ള തന്റെ അഭിപ്രായത്തിൽ നിന്നും ഒരിക്കലും മാറില്ലെന്നും അതിനാൽ തന്നെ ഫേസ്ബുക് പോസ്റ്റ് പിൻവലിക്കില്ലെന്നും മുനീർ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദത്തിനെതിരെ താൻ ഇനിയും ശബ്ദം ഉയർത്തുമെന്നും താലിബാന്റെ നിലപാടുകളിലും പ്രവർത്തനങ്ങളിലും മാറ്റം ഉണ്ടായതായി തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അഭിപ്രായങ്ങൾക്കെതിരെ നിരവധി സൈബർ ആക്രമണങ്ങൾ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. എന്നാൽ ഈ വിഷയം പോലീസ് ഗൗരവപൂർവം കാണുന്നില്ലെന്നും മുനീർ കുറ്റപ്പെടുത്തി.