അമ്മയെ കൊലപ്പെടുത്തിയ മകന് 10 വർഷം കഠിന തടവും പിഴയും

Crime Local News

മലപ്പുറം: സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പിഴ അടയ്ക്കാൻ കഴിയില്ലെങ്കിൽ രണ്ട് വർഷം അധികതടവിനും കോടതി വിധിച്ചിട്ടുണ്ട്. പോത്തുകല്‍ ഉദിരകുളം പെരിങ്ങനത്ത് രാജാമണിയെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ പ്രജിത്കുമാറിന് ശിക്ഷ വിധിച്ചത്.

2017 ഏപ്രില്‍ പത്തിന് പകല്‍ രണ്ടു മണിക്കാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന രാധാമണിയെ മകൻ കുളിപ്പിക്കുന്നതിനിടയിൽ തള്ളിയിടുകയും രാധാമണിയുടെ തല ചുമരില്‍ ഇടിക്കുകയുമായിരുന്നു. ഭര്‍ത്താവ് ശശി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് അവശനിലയില്‍ കിടക്കുന്ന രാധാമണിയെ കണ്ടത്. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യെ മരണപ്പെടുകയായിരുന്നു.

28 രേഖകളും, 6 തൊണ്ടിമുതലും ഹാജരാക്കിയ കേസിൽ പ്രതിയുടെ അച്ഛനും,ഭിന്ന ശേഷിക്കാരനായ സഹോദരനുമടക്കം 31 സാക്ഷികൾ ആണുണ്ടായിരുന്നത്. അമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം ഉണ്ടായതെന്ന് പ്രോസിക്യൂഷന് വേണ്ടി അഡ്വ. വാസു വാദിച്ചെങ്കിലും അതിനു തക്കതായ തെളിവ് നൽകുവാൻ പ്രോസിക്യൂഷനോ അന്വേഷണ ഉദ്യോഗസ്ഥർക്കോ സാധിച്ചില്ല. കോടതിയിൽ തെളിയിച്ച 304 വകുപ്പനുസരിച്ചുള്ള കൊലപാതകകുറ്റത്തിനു മാത്രമാണ് ജഡ്ജി ടി എസ് സുരേഷ്ബാബു ശിക്ഷ വിധിച്ചത്. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 20 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളുവെന്നും വിദ്യാര്‍ത്ഥിയായ സഹോദരിയുണ്ടെന്നും കാണിച്ചാണ് ജീവപര്യന്തം തടവ് ശിക്ഷയില്‍ നിന്നും ഇളവ് നല്‍കുന്നതെന്ന് കോടതി പറഞ്ഞു.

എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന പി കെ സന്തോഷ്, പി അബ്ദുല്‍ ബഷീര്‍, പോത്തുകല്‍ എസ് ഐ കെ ദിജേഷ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.