കൂടുതൽ ലൈക്കും ആരാധകരും; മരണവേഗത്തിൽ വണ്ടിയോടിച്ച് യുവാവ്

Crime Keralam News

സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ ലൈക്ക് കിട്ടാനായി തിരക്കുള്ള എംസി റോഡിലൂടെ അതിവേഗത്തിൽ വണ്ടിയോടിച്ച് ഇരുപത്തഞ്ചുക്കാരൻ. ചെങ്ങന്നൂരിലെ കാരയ്ക്കാട് സ്വദേശി ജസ്റ്റിന്‍ മോഹനാണ് ബൈക്കിൽ മരണപ്പാച്ചിൽ പാഞ്ഞത്. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പിടികൂടി വേഗത്തിനുള്ള കാര്യം അന്വേഷിച്ചപ്പോഴാണ് അവരെ ഞെട്ടിക്കുന്ന തരത്തിലുള്ള ജസ്റ്റിന്റെ മറുപടി ലഭിച്ചത്.

160 കിലോമീറ്റര്‍ സ്പീഡിലായിരുന്നു ജസ്റ്റിന്‍ വണ്ടി ഓടിച്ചിരുന്നത്. വേഗത കൂടിയാൽ ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും കൂടുതൽ ലൈക്കും ഷെയറും ആരാധകരെയും കിട്ടുമെന്ന് വിചാരിച്ചാണ് ഇത്രയും വേഗത്തിൽ വണ്ടിയോടിച്ചത്. ഈ ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ട് നിരവധി യുവാക്കൾ വണ്ടിയുമായി റോഡിലൂടെ പറക്കുന്നുണ്ട്. 9500 രൂപ പിഴ ഈടാക്കിയതിനോടൊപ്പം ഇനി ഒരു തവണ കൂടെ ഇത് ചെയ്‌താൽ ലൈസൻസ് റദ്ദാക്കുമെന്നും പോലീസ് ജസ്റ്റിനോട് പറഞ്ഞിട്ടുണ്ട്.

അടുത്തിടെ ചങ്ങനാശ്ശേരിയില്‍ ബൈക്ക് മത്സരയോട്ടത്തിനിടെ സംഭവിച്ച അപകടത്തില്‍ മൂന്നു പേർ മരിച്ചിരുന്നു. അപകടകരമായി സ്പോര്‍ട്സ് ബൈക്ക് ഓടിച്ച യുവാവും എതിരെ വന്ന ബൈക്കിലെ യാത്രക്കാരുമാണ് അന്ന് മരിച്ചത്. അതിനു ശേഷം ഈ രീതിയിൽ റോഡിലൂടെ വണ്ടിയുമായി പായുന്നവരെ കുടുക്കാനായി ഓപ്പറേഷൻ റാഷ് എന്ന പേരിൽ മോട്ടോർ വാഹനവകുപ്പ് നിരീക്ഷണം നടത്തിയിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ ആലപ്പുഴ ജില്ലയിലെ 265 പേരെ ഇത് പ്രകാരം അറസ്റ് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത്തരക്കാരെ അധികവും കണ്ടെത്തുന്നത്.

പ്രാദേശിക തലത്തിൽ കൂട്ടായ്മകൾ ഉണ്ടാക്കി ബൈക്ക് മത്സരയോട്ടത്തിൽ പങ്കെടുക്കുന്ന യുവാക്കളാണ് പോലീസിന്റെ പിടിയിലായവരിൽ അധികവും. ഇവരെ കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അറിയിക്കാനായി മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച വാട്സ്ആപ്പിലേക്ക് ഒരുപാട് പരാതികൾ ലഭിക്കുന്നുണ്ട്.