ലോട്ടറിയുടെ നമ്പർ തിരുത്തി പണവും ലോട്ടറി ടിക്കറ്റും തട്ടിയെടുത്തു

Crime Local News

മൂവാറ്റുപുഴ: ലോട്ടറിയുടെ നമ്പർ തിരുത്തി സമ്മാനമടിച്ചെന്ന വ്യാജേന പണവും ലോട്ടറി ടിക്കറ്റും തട്ടിയെടുത്തു. വാളകം കുന്നയ്ക്കാല്‍ വെണ്‍മേനി വീട്ടില്‍ കനകമ്മ ശങ്കരനിൽ നിന്നാണ് നമ്പർ മാറ്റിയ ലോട്ടറി നൽകി 2500 രൂപയും 2500 രൂപയുടെ ടിക്കറ്റും തട്ടിയെടുത്തത്.

ഈ മാസം ഇരുപത്തിമൂന്നാം തീയ്യതി നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറിയിൽ 778971 എന്ന നമ്പറുള്ള ലോട്ടറിക്ക് 5000രൂപ സമ്മാനമുണ്ടായിരുന്നു. ഈ തുക തട്ടിയെടുക്കാനായി 778974 എന്ന നമ്പറിലുള്ള ലോട്ടറി ടിക്കറ്റിലെ 4 എന്ന നമ്പർ മായ്ച്ച് 1 ആക്കി മാറ്റുകയായിരുന്നു. ശേഷം ഇതുമായി പെരുവംമൂഴിയില്‍ ലോട്ടറി വിൽപ്പന നടത്തുന്ന കനകമ്മയുടെ അടുത്തുച്ചെന്ന് അയ്യായിരം സമ്മാനം അടിച്ച ലോട്ടറിയാണെന്ന് കള്ളം പറഞ്ഞു. തുക അത്യാവശ്യമായി വേണമെന്നും അത് പകുതി പണമായിട്ടും പകുതി തുകയ്ക്ക് മൂല്യമുള്ള ലോട്ടറി മതിയെന്നും പറഞ്ഞാണ് തട്ടിപ്പു നടത്തിയത്.

പകുതി പണമായ 2500 രൂപയ്ക്ക് ലോട്ടറി എടുക്കുമെന്നറിഞ്ഞപ്പോൾ കനകമ്മ ടിക്കറ്റ് വാങ്ങുകയും പൈസയും ലോട്ടറിയും നൽകുകയുമായിരുന്നു. പെരുവംമൂഴി, കോലഞ്ചേരി, മൂവാറ്റുപുഴ എന്നെ സ്ഥലങ്ങളിൽ കാൽനടയായി ലോട്ടറി വിൽക്കുന്ന കനകമ്മയ്ക്ക് ഇത് വലിയ നഷ്ടമാണുണ്ടാക്കിയത്.