സംസ്ഥാന ജൂനിയര്‍വനിത ഹോക്കി മലപ്പുറത്ത്നിരവധി ദേശീയ താരങ്ങളെത്തും.മലപ്പുറത്ത് പെണ്‍കുട്ടികളുടെ ഹോക്കി മാമാങ്കം

Breaking Keralam Local News Sports

മലപ്പുറം: ജൂനിയര്‍ പെണ്‍കുട്ടികളുടെ സംസ്ഥാന തല ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മങ്കട പള്ളിപ്പുറം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ചൊവ്വാഴ്ച്ച് മുതല്‍ തുടക്കമാകും. 18നാണ് ഫൈനല്‍. മൂന്ന് ഗ്രൂപ്പുകളിലായി വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഒമ്പത് ടീമുകളാണ് മത്സരിക്കുക. ദിവസവും നാലു മത്സരങ്ങള്‍ നടക്കും. രാവിലെ 6.45, 8.00, 3.00, 4.15 എന്നീ സമയങ്ങളിലായിരിക്കും മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ഇന്ന് 6.45ന് ത്രിശൂര്‍ ആലപ്പുഴയെ നേരിടും. ആതിഥേയരായ മലപ്പുറത്തിന്റെ ആദ്യ മത്സരം മൂന്നുമണിക്ക് കോഴിക്കോടിനെതിരെയാണ്. ഗ്രൂപ്പ് സിയില്‍ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരും മറ്റ് രണ്ടു ഗ്രൂപ്പില്‍ നിന്നും ചാമ്പ്യന്മാരുമാണ് സെമിയിലെത്തുക. 18ന് വൈകുന്നേരും 4.15നാണ് ഫൈനല്‍ മത്സരം. ഇത്തവണ വലിയ പ്രതീക്ഷയിലാണ് ആതിഥേയരായ മലപ്പുറം മത്സരത്തിനെത്തുന്നത്. സ്‌കൂള്‍ ഹോക്കിയില്‍ വെള്ളിയും കേരള ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും കരസ്ഥമാക്കിയ പെണ്‍പടയാണ് ഇക്കുറി ജില്ലക്കു വേണ്ടി കളത്തിലിറങ്ങുന്നത്. ഇവരില്‍ പലരും ദേശീയ താരങ്ങളുമാണ്. ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനുകള്‍, എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ദേശീയ താരങ്ങളും വിവിധ ജില്ലകള്‍ക്കായി ജേഴ്‌സി അണിയുന്നുണ്ട്. ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പിലാണ് തെരഞ്ഞെടുക്കുക. പത്രസമ്മേളനത്തില്‍ പാലോളി അബ്ദുറഹ്മാന്‍, മുഹമ്മദ് ശറഫുദ്ദീന്‍ റസ്‌വി, ഷാജഹാന്‍ പി പി പങ്കെടുത്തു.