കുട്ടികളെ ഇറക്കാന്‍ നിര്‍ത്തിയ സ്‌കൂള്‍ ബസിനു പിറകില്‍ ബൈക്കിടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു

Breaking Local News

കൊണ്ടോട്ടി: കുട്ടികളെ ഇറക്കാന്‍ നിര്‍ത്തിയ സ്‌കൂള്‍ ബസിനു പിറകില്‍ ബൈക്കിടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു. വേങ്ങര ചേറൂര്‍ കിളിനക്കോട് വില്ലന്‍ വീട്ടില്‍ ഖമറുദ്ദീന്റെ മകന്‍ വി. സിനാന്‍ (15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേറൂര്‍ കിളിനിക്കോട് കഴുങ്ങുംതോട്ടത്തില്‍ സിറാജിന്റെ മകന്‍ കെ.ടി. സനീജി(15) നെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെ എന്‍എച്ച് കോളനിയില്‍ അമ്പലപ്പടിയിലാണ് അപകടം. മിനി ഊട്ടി ഭാഗത്ത് നിന്നു വന്ന ബൈക്ക് നിയന്ത്രണം വിട്ട് നെടിയിരുപ്പ് ജിഡബ്ലിയു യുപി സ്‌കൂള്‍ ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും
സിനാന്‍ മരിച്ചു. ചേറൂര്‍ പിപിടിഎംവൈഎച്ച് എസ്എസ് പത്താംക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്നലെ പരീക്ഷ കഴിഞ്ഞാണ് ഇരുവരും മിനി ഊട്ടി ഭാഗത്തേക്ക് എത്തിയത്. കൊണ്ടോട്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മാതാവ്:ആസ്യ.സഹോദരങ്ങള്‍: മുഹമ്മദ് അസ്മില്‍, മുഹമ്മദ് ഷിഫിന്‍, മുഹമ്മദ് ഷമാസ്, മുഹമ്മദ് ഷെസിന്‍.