കൈക്കൂലി കേസിലെ പ്രതിയായ അധ്യാപകൻ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വൈസ് ചാൻസലർക്കൊപ്പം

Breaking Keralam News

കാസർകോഡ്: കാസറഗോഡ് കേന്ദ്ര സർവകലാശാലയിൽ കൈക്കൂലിക്കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ. സോഷ്യൽ വർക്ക് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. എകെ മോഹനനാണ് വൈസ് ചാൻസലർക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്.

താൽക്കാലിക അധ്യാപക നിയമനത്തിനും ഗവേഷണ സൗകര്യം ഏർപ്പാടാക്കാനും ഗസ്റ്റ് അധ്യാപകനിൽ നിന്ന് കൈക്കൂലി വാങ്ങിയ അധ്യാപകൻ എകെ മോഹനനെയാണ് സ്വീകരിച്ച് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുപ്പിച്ചത്. വിജിലൻസ് അറസ്റ്റ് ചെയ്ത അധ്യാപകൻ ജാമ്യത്തിലിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. റിപബ്ലിക് ദിന പരിപാടിയുടെ ഭാഗമായി എടുത്ത ഗ്രൂപ്പ് ഫോട്ടോ പ്രചരിച്ചതോടെ സംഭവം വിവാദമായി. തുടർന്ന് നിഷേധക്കുറിപ്പുമായി അധികൃതർ രംഗത്തെത്തി. അധ്യാപകൻ ചടങ്ങിൽ പങ്കെടുത്തത് സർവകലാശാല അധികൃതരുടെ അനുമതിയോടെയല്ലെന്നാണ് അധികൃതരുടെ വാദം.എന്നാൽ ചിത്രത്തിൽ വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. കെസി ബൈജുവിന് സമീപം നാലാമതായാണ് സസ്പെൻഷനിലുള്ള അധ്യാപകൻ ഇരിക്കുന്നത്. കഴിഞ്ഞമാസം പത്തിനാണ് ഡോ. എകെ മോഹനെ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൈക്കൂലി അഡ്വാൻസായി 20,000 രൂപ വാങ്ങുന്നതിനിടെ സംസ്ഥാന വിജിലൻസ് പൊലീസ് പിടികൂടിയത്.നേരത്തെ രജിസ്ട്രാർ ഇൻചാർജ്, ഡീൻ, വിവിധ സെന്ററുകളുടെ ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്ന അധ്യാപകൻ സംഘപരിവാർ സഹയാത്രികനാണ്. ഈ സ്വാധീനം ഉപയോഗിച്ചാണ് പുനർ നിയമനം, പിഎച്ച്ഡി രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളിൽ ഇടപെട്ട് കൈക്കൂലി വാങ്ങിയത്.