ദേശീയ മെഡല്‍ നേടാന്‍ ലിനാ ഫാത്തിമക്ക് വേണം സര്‍ക്കാറിന്റെ ഇടപെടല്‍

Breaking Local News

മലപ്പുറം: ഗുസ്തി മത്സരത്തില്‍ ദേശീയ മെഡല്‍ നേടാന്‍ മുഖ്യമന്ത്രിയും കായിക വകുപ്പ് മന്ത്രിയും ഇടപെടണമെന്ന ആവശ്യവുമായാണ് കൊട്ടൂക്കര പി.പി.എം.എച്ച് സ്‌കൂളിലെ ലിന ഫാത്തിമ കൊണ്ടോട്ടി നവകേരള സദസ്സില്‍ എത്തിയത്. സംസ്ഥാന തലത്തില്‍ തനിക്ക് ലഭിച്ച സ്വര്‍ണ മെഡലുമായാണ് ഈ പത്താം ക്ലാസ് വിദ്യാര്‍ഥിനി പരാതി കൗണ്ടറില്‍ എത്തിയത്. ഏറെ നാളത്തെ പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെ ഫലമായാണ് സംസ്ഥാന ഗുസ്തി മത്സരത്തില്‍ 15 വയസ്സിന് താഴെയുള്ളവരുടെ 32 കിലോ വിഭാഗത്തില്‍ ലിനാ ഫാത്തിമക്ക് സ്വര്‍ണം ലഭിച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ പാലക്കാട് വെച്ച് നന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലൂടെ ദേശീയ മത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദേശീയ മത്സരത്തിന് തയ്യാറെടുക്കാന്‍ ഒരുങ്ങുമ്പോഴാണ് ചില സാങ്കേതിക കാരണങ്ങളാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നില്ലെന്ന് അറിയാന്‍ കഴിഞ്ഞത്. വയസും ഭാരവും നിശ്ചിത മാനദണ്ഡങ്ങളായി നടത്തുന്ന മത്സരമായതിനാല്‍ ഇത്തവണ അവസരം നഷ്ടപ്പെട്ടാല്‍ 15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ ലിനക്ക് ഇനി മത്സരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും സമയബന്ധിതമായ ഇടപെടല്‍ നടത്തി ദേശീയ മെഡല്‍ എന്ന തന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന്റെയും കായിക വകുപ്പിന്റെയും ഉറച്ച പിന്തുണയുണ്ടാകും എന്ന വിശ്വാസത്തിലാണ് ലിന ഫാത്തിമ.