Breaking Keralam Local News

മലപ്പുറം: കാണാതായ യുവതിയും മക്കളും ഭിക്ഷാടനമാഫിയയുടെ പിടിയില്‍. രണ്ടുവര്‍ഷത്തിന് ശേഷം കണ്ടെത്തി പോലീസ്. മലപ്പുറം
പോത്തുകല്ലിലെ കുനിപ്പാല ആദിവാസി കോളനിയില്‍നിന്നും കാണാതായ ആദിവാസി യുവതിയെയും മക്കളെയുമാണു രണ്ടുവര്‍ഷത്തിന് ശേഷം പോലീസ് കണ്ടെത്തിയത്.


ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട കുനിപ്പാല ആദിവാസി കോളനിയിലെ മിനിയേയും 13ഉം, ഒമ്പതും വയസ്സുള്ള മക്കളേയുമാണ് തമിഴ്നാട്ടില്‍നിന്ന് കണ്ടെത്തിയത്. 2021-ലാണ് മിനിയെയും മക്കളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. രണ്ടുവര്‍ഷം നീണ്ട പോലീസിന്റെ പ്രയത്നമാണ് ഫലം കണ്ടതെന്നും യുവതിയും മക്കളും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടിരിക്കുകയായിരുന്നു.


ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, മധുര, പഴനി, പൊള്ളാച്ചി, തിരുപ്പൂര്‍, മേട്ടുപ്പാളയം എന്നിവിടങ്ങളിലെല്ലാം തിരച്ചില്‍ നടത്തി. ഈ അന്വേഷണത്തിലാണ് യുവതിയും മക്കളും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടെന്ന വിവരം ലഭിച്ചത്.

2021 മേയ് 13നു ഭര്‍ത്താവുമായുണ്ടായ വഴിക്കിനെ തുടര്‍ന്നാണു മിനിയും മക്കളും വീടുവിട്ടിറങ്ങിയത്. ആദ്യദിവസം ഇവര്‍ എടക്കര താമസിച്ചു. പിറ്റെദിവസം ബസില്‍ മഞ്ചേരിയിലെത്തി. ഇവിടെവെച്ചു യാചനയിലൂടെ കുറച്ചു പണം സംഘടിപ്പിച്ചു. ശേഷം അവിടേനിന്നും ബസില്‍ കോഴിക്കോട്ടേക്കുപോയി. തുടര്‍ന്നു കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി കോയമ്പത്തൂരിലേക്കു ട്രെയ്നില്‍ കയറി.

കോയമ്പത്തൂരിലെത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു യാചന നടത്തുന്ന നിരവധിപേരെ കണ്ടു. ഇതോടെ ഇവരും അവിടെയിരുന്നു യാചന തുടങ്ങി. ഇതു കണ്ട അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ‘അണ്ണന്‍’ എന്നു വിളിക്കുന്നയാള്‍ ഇവരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നു ഇയാളുടെ നിര്‍ദ്ദേശാനുസരണമാണു സ്ഥിരം യാചകരായി മാറിയത്. പോലീസ് ഇവരെ കണ്ടെത്തുമ്പോള്‍ കയ്യില്‍ നയാപൈസയില്ലായിരുന്നുവെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2021 ഇല്‍ കാണാതായ ഇവരെ കൃത്യമായ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. മലപ്പുറം എസ് പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം 2021ല്‍ തന്നെ രൂപീകരിച്ചിരുന്നു. മലപ്പുറം എസ് പി യുടെയും നിലമ്പൂര്‍ ഡി.വൈ.എസ്.പിയുടെയും മേല്‍നോട്ടത്തിലാണ് ടീം ഇവരെ തിരഞ്ഞത്. ഇവര്‍ ഭീക്ഷാടന മാഫിയയുടെ പിടിയിലായതായി വിവരം ലഭിച്ചതോടെ അന്വേഷണ സംഘം ഓരോ സ്ഥലങ്ങളും പ്രാദേശിക ആളുകളുമായി ചങ്ങാത്തതിലായി വിവരങ്ങള്‍ ശേഖരിച്ചു.

അത്തരത്തില്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ ഇവര്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിക്കുകയും. തമിഴ് നാട് പോലീസി ന്റെയും പ്രദേശ വാസികളുടെയും സഹായത്താല്‍ ഇവരെ കണ്ടെത്തുകയായിരുന്നു.
പോത്തുകല്‍ ഇന്‍സ്‌പെക്ട ര്‍ ശ്രീകുമാര്‍ മേല്‍നോട്ടത്തില്‍ എസ് ഐ സോമന്‍ കെ ,എസ് സി പി ഓ രാജേഷ് , സി പി ഓ അഖില്‍, സി പി ഓ കൃഷ്ണദാസ് എം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

2021 മേയ് 13നു ഭാര്യയേയും മക്കളെയും കാണാതായതായി മിനിയുടെ ഭര്‍ത്താവ് സോമന്‍ പോത്തുകല്‍പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരിക്കലും ഇവര്‍ ഭിക്ഷാടന മാഫിയയുടെ കയ്യിലാണെന്ന സൂചനപോലും സോമനു ലഭിച്ചിരുന്നില്ല. ഭാര്യയും മക്കളും കുടുംബ വഴിക്കിനെ തുടര്‍ന്നു വീടുവിട്ടുപോയതാണെന്നും ഇവരെ കാണാനില്ലെന്നും കാണിച്ചായിരുന്നു സോമന്‍ പരാതി നല്‍കിയിരുന്നത്.