ശരീരത്തിനുള്ളിലും എയര്‍പാഡിനുള്ളിലുംവസ്ത്രങ്ങള്‍ക്കുള്ളിലും ഗ്രഹോപകരണങ്ങള്‍ക്കുള്ളിലുംസ്വര്‍ണക്കടത്ത്.കരിപ്പരില്‍ 1.3 കോടി രൂപയുടെ സ്വര്‍ണവേട്ട

Breaking Crime Local News

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴി ശരീരത്തിനുള്ളിലും എയര്‍പോഡിനുള്ളിലും വസ്ത്രങ്ങള്‍ക്കുള്ളിലും ഗ്രഹോപകരണങ്ങള്‍ക്കുള്ളിലും
സ്വര്‍ണക്കടത്ത്. 1.3 കോടി രൂപ വില മതിക്കുന്ന രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണം മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി.
എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ ഷാര്‍ജയില്‍നിന്നും വന്ന മലപ്പുറം കാളികാവ് സ്വദേശിയായ മുഹമ്മദ് നൂറുദ്ദിനെ (24 ) കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ നൂറുദ്ദിന്‍ ശരീരത്തിനുള്ളിലും ധരിച്ചിരുന്ന അടിവസ്ത്രങ്ങള്‍ക്കുള്ളിലും ആയി സ്വര്‍ണമിശ്രിതം ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നു കണ്ടെത്തുകയുണ്ടായി . 1155 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സ്യൂളുകളാണ് നൂറുദ്ദിന്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്നത് . സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ച 774 ഗ്രാം തൂക്കമുള്ള അടിവസ്ത്രങ്ങളുമാണ് നൂറുദ്ദിനില്‍നിന്നും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് . ഏകദേശം 85 ലക്ഷം രൂപ വില മതിക്കുന്ന ഒന്നര കിലോഗ്രാമോളം സ്വര്‍ണമാണ് നൂറുദ്ദിനില്‍ നിന്നും കസ്റ്റംസ് പിടികൂടിയത് . നൂറുദ്ദിന് 70000 രൂപയാണ് കള്ളക്കടത്തുസംഘം പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത് . നൂറുദ്ദിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും പിന്നീട് സ്വീകരിക്കുന്നതാണ്. മറ്റൊരു കേസില്‍ സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന കാസർഗോഡ് സ്വദേശിയായ അബ്ദുല്‍ സലാം (43 ) കൊണ്ടുവന്ന ബാഗേജിനുള്ളിലുണ്ടായിരുന്ന എയര്‍ പോഡും പാചകപാത്രങ്ങളുടെ കാര്‍ട്ടണും വിശദമായി പരിശോധിച്ചപ്പോള്‍ പാത്രങ്ങളുടെ ഉള്‍വശത്തു ചപ്പാത്തിയുടെ രൂപത്തില്‍ അതിവിദഗ്ധമായി ഒട്ടിച്ചുവച്ചിരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ നാലു പാക്കറ്റുകളും എയര്‍പോഡിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ചെറിയ സ്വര്‍ണകഷണവും ലഭിക്കുകയുണ്ടായി. 1227 ഗ്രാം തൂക്കമുള്ള സ്വര്‍ണമിശ്രിതമടങ്ങിയ ഈ സാധനങ്ങളില്‍ നിന്നും ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന 600 ഗ്രാമോളം സ്വര്‍ണം ലഭിക്കുമെന്നാണ് കരുതുന്നത്. മൂന്നാമത്തെ കേസില്‍ ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രെസ്സ് വിമാനത്തില്‍ എത്തിച്ചേര്‍ന്ന കോഴിക്കോട് പുതുപ്പാടി സ്വദേശിയായ പാലകുന്നുമ്മല്‍ ഹുസൈന്‍ (35 ) ധരിച്ചിരുന്ന പാന്റ്‌സ് വിശദമായി പരിശോധിച്ചപ്പോള്‍ പാന്റ്‌സിന്റെ മുകള്‍വശത്തു തുന്നിപിടിപ്പിച്ചുവച്ചിരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ 282 ഗ്രാം തൂക്കമുള്ള ചെറിയ പാക്കറ്റുകള്‍ ലഭിക്കുകയുണ്ടായി. ഈ പാക്കറ്റുകളില്‍ നിന്നും ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാമോളം സ്വര്‍ണം ലഭിക്കുമെന്നാണ് കരുതുന്നത്. അബ്ദുല്‍ സലാമിന് 30000 രൂപയും ഹുസൈന് 20000 രൂപയുമാണ് കള്ളക്കടത്തുസംഘം പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്