അവിവാഹിതയായ യുവതിയെ പീഡിപ്പിച്ച് മലപ്പുറം പൊന്‍മള സ്വദേശിക്ക് 15 വര്‍ഷം കഠിനതടവും, അഞ്ചുവര്‍ഷം തടവും ഒന്നരലക്ഷം പിഴയും

Crime Local News

പെരിന്തല്‍മണ്ണ: അവിവാഹിതയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ മലപ്പുറം പൊന്മള മുട്ടിപ്പാലം സ്വദേശി പട്ടത്ത് മുഹമ്മദ് ഷാഫി(46)യെയാണ് 15 വര്‍ഷം കഠിനതടവിനും, അഞ്ചുവര്‍ഷം തടവിനും ഒന്നരലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി(രണ്ട്) ജഡ്ജി എസ്.ആര്‍ സിനിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഒരു വകുപ്പ് പ്രകാരം 15 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയടക്കാനും അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി കഠിനതടവിനുമാണ് ശിക്ഷിച്ചത്. കൂടാതെ മറ്റൊരു വകുപ്പില്‍ അഞ്ചുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചാല്‍ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കും.
2014 ഡിസംബറില്‍ 29 വയസുള്ള യുവതിയുടെ വീട്ടില്‍വെച്ച് വിവാഹ വാഗ്ദാനം നല്‍കിയും തുടര്‍ന്നും വിവാഹക്കാര്യം പറഞ്ഞ് പലപ്രാവശ്യം പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ മലപ്പുറം പോലീസാണ് 2015ല്‍ കേസെടുത്തത്. മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന ആര്‍. അശോകന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ കെ.സി. വിനു ആണ് പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍. കവിത ഹാജരായി.