800 വധൂവരൻ മാർക്ക് വിവാഹ സൗഭാഗ്യമൊരുക്കി പാടന്തറ മർക്കസ്

Breaking Local News

മലപ്പുറം: അവശ സാഹചര്യവും കടുത്ത സാമ്പത്തിക പരാധീനതകളും നിമിത്തം വിവാഹമെന്ന സ്വപ്നം പൂവണിയാൻ കഴിയാത്ത 800 വധൂവരൻമാർക്ക് മംഗല്യ സൗഭാഗ്യമൊരുക്കി പാടന്തറ മർക്കസ് ശ്രദ്ധേയമാകുന്നു. ഈ മാസം 26 ന് ഞായറാഴ്ച നീലഗിരി പാടന്തറ മർകസിലാണ് ഇത് നടക്കുന്നത്. രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് ചടങ്ങ് നടക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും സുന്നി പ്രാസ്ഥാനിക നേതാക്കളുടെയും നേത്യത്വത്തിലാണ് ഈ മഹാ ചടങ്ങ് നടക്കുന്നത്.
കല്യാണം നടക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പ്രയാസ മനുഭവിക്കുന്ന ഒരുപാടേറെ ആളുകളുള്ള തമിഴ്നാട് നീലഗിരി ജില്ലയിലെ പാടന്തറ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് അർഹരായ എണ്ണൂറ് വധു വരന്മാർക്കാണ് ഇപ്രാവശ്യം പാടന്തറ മർക്കസും എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയും സമൂഹ വിവാഹത്തിലൂടെ മംഗല്യ സൗഭാഗ്യം ഒരുക്കുന്നത്.

കൃഷിയിലും തോട്ടം തൊഴിലിലും കുറഞ്ഞ വേതനത്തിലുള്ള മറ്റ് പണികളിലും ഏർപ്പെട്ട് അന്നന്നത്തെ ജീവിതം കഷ്ടിച്ചു മുന്നോട്ടു നീക്കുന്ന കുടുംബങ്ങളാണ് ഇവിടങ്ങളിൽ മിക്കവരും.
പ്രദേശത്തെ അറുപതോളം മഹല്ലുകളിലും ചേരികളിലും വിവാഹപ്രായം കവിഞ്ഞ് പുരനിറഞ്ഞു നിൽക്കുന്നത് നൂറ് കണക്കിനാളുകളാണ്.
ചായ തോട്ടങ്ങളിലും പാളികളിലും തേയിലത്തുമ്പ് നുള്ളി കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഓരോ കുടുംബത്തിന്റെയും ഏക ജീവിതാശ്രയം.
പ്രദേശത്തെ ഒട്ടേറെ നന്മ പ്രവർത്തനങ്ങളുടെ കേന്ദ്രമായ പാടന്തറ മർക്കസ് അതിന്റെ തുടക്കകാലം തൊട്ടുതന്നെ സമൂഹ വിവാഹമുൾപ്പെടെയുള്ള നിരവധി കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് കഴിയാവുന്ന സേവനങ്ങൾ ചെയ്തു വന്നിരുന്നു.

2014 മാർച്ചിൽ 114 വധൂവരൻമാർക്ക് വിവാഹ സ്വപ്നം യാഥാർത്ഥ്യമാക്കി കൂടുതൽ വിപുലമാക്കിയ സമൂഹവിവാഹം വഴി ഇതിനകം 1120 വധൂവരന്മാർ ദാമ്പത്യത്തിന്റെ സ്നേഹവല്ലരിയിലേക്ക് സസന്തോഷം കടന്നുചെന്നിട്ടുണ്ട്.2015 ഏപ്രിൽ 27 ന് തൊട്ടടുത്ത വർഷം 260 പേർക്ക് വിവാഹ സന്തോഷം സഫലമായി. ഓരോ വർഷവും വിവാഹ മുഹൂർത്തങ്ങൾ കഴിയുമ്പോൾ അർഹരായവരുടെ അപേക്ഷകൾ പതിന്മടങ്ങ് വർദ്ധിക്കും.
2017 ൽ 346 വധൂവരന്മാർക്ക് പാടന്തറ മർക്കസിലെ കതിർമണ്ഡപത്തിൽ മംഗല്യ സ്വപ്നങ്ങൾക്ക് മധുര സാക്ഷാത്കാരം സാധിച്ചു .2019 ൽ 400 വധു വരന്മാർ ഈ സ്നേഹത്തിന്റെ നൂൽ ചരടിൽ ജീവിതത്തിന്റെ നിറമുള്ള മാല കോർത്തു.

സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള വ്യത്യസ്ത മതക്കാരും പ്രസ്ഥാനക്കാരും എല്ലാം ഈ വിവാഹ പന്തലിൽ ഒരുമയുടെ സ്നേഹ വർണ്ണങ്ങൾ ചാലിക്കുന്നത് പുതുകാലത്തിന് മനോഹരമായ സന്ദേശങ്ങളാണ് പകരുന്നത്.
നാടിന്റെ വിവിധ യിടങ്ങളിൽ നിന്ന് അഭ്യൂദയകാംക്ഷികളായ അനേകം സുമനസ്സുകളുടെ നിസ്സീമമായ സഹകരണങ്ങൾ കൊണ്ടാണ് ഈ സ്നേഹ വിപ്ലവം ഓരോ വർഷവും പൂർവാധികം ശോഭയോടെ മുന്നോട്ട് പോവുന്നത്.

മുൻ വർഷങ്ങളിൽ അഞ്ചു പവൻ സ്വർണാഭരണവും 25000 രൂപ സന്തോഷ കൈനീട്ടവും നൽകിയാണ് പടന്തറ മർക്കസ് ഈ സമൂഹ വിവാഹത്തിൽ വിവാഹിതരാകുന്ന ഇണകളെ സന്തോഷപൂർവ്വം പരിഗണിക്കുന്നത്. മുസ്ലിം ഇതര മതസ്ഥർ അവരുടെ ആചാരപ്രകാരം പാടന്തറയിലെ അമ്പലങ്ങളിലും അനുബന്ധ ദേവാലയങ്ങളിലും വിവാഹ കർമ്മങ്ങൾ നിർവഹിച്ച ശേഷം പ്രവിശാലമായ പന്തലിലെ ചടങ്ങിൽ സംബന്ധിക്കാൻ വിരുന്നെത്തും. വിവാഹത്തിൽ പങ്കുചേരാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നവർക്ക് സുഭിക്ഷമായ ഭക്ഷണവും വിശാലമായ പന്തൽ സൗകര്യവും മാസങ്ങൾക്കു മുമ്പ് തന്നെയുള്ള മറ്റു സജ്ജീകരണങ്ങളും ഈ സമൂഹ വിവാഹത്തിന്റെ പറഞ്ഞറിയിക്കാൻ കഴിയാത്ത സവിശേഷതകളാണ്.