നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒരു കിലോയിലധികം സ്വർണം മലപ്പുറം അരീകോട് വെച്ച് പോലീസ് പിടികൂടി

Breaking Crime News

മലപ്പുറം: ദോഹയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്തികൊണ്ടുവന്ന ഒരു കിലോയിലധികം സ്വര്‍ണ്ണമാണ് ഇന്ന് മലപ്പുറം പോലീസ് അരീകോട് വെച്ച് പിടിച്ചെടുത്തത്.
സംഭവത്തില്‍ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനെയും കള്ളക്കടത്ത് സ്വര്‍ണ്ണം സ്വീകരിച്ച് കൊണ്ട് വന്ന മറ്റ് മൂന്ന് പേരെയും അവര്‍ സഞ്ചരിച്ച കാറും കാരിയര്‍ക്ക് നല്‍കാനായി കാറില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു.

ദോഹയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കോഴികോട് കൊടിയത്തൂര്‍ സ്വദേശി അഷ്റഫ് (56), സ്വര്‍ണ്ണം കൈപ്പറ്റിയ കോഴികോട് താമരശ്ശേരി സ്വദേശികളായ മിദ്ലജ്(23), നിഷാദ്(36), ഫാസില്‍ (40) എന്നിവരാണ് 1063 ഗ്രാം സ്വര്‍ണ്ണം സഹിതം മലപ്പുറത്ത് അരീകോട് വെച്ച് പോലീസ് പിടിയിലായത്.

1063 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് അഷ്റഫ് കടത്തിയത്. കടത്ത് സ്വര്‍ണ്ണം കൈപ്പറ്റി അഷ്റഫിനേയും കുടുംബത്തേയും കാറില്‍ കൊടുവള്ളിയിലേക്ക് പോകും വഴിയാണ് ഇവര്‍ പോലീസ് പിടിയിലായത്.
അഭ്യന്തര വിപണിയില്‍ 63 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

ബുധനാഴ്ച പുലര്‍ച്ചെ 06.30 മണിക്ക് ദോഹയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 08.30 മണിക്ക് വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ അഷ്റഫില്‍ നിന്നും കള്ളകടത്ത് സ്വര്‍ണ്ണം ഏറ്റുവാങ്ങി കൊടുവള്ളിയിലേക്ക് പോവുന്നുണ്ടെന്നുള്ള രഹസ്യ വിവരം
മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐ പി എസ് ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അരീകോട് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പക്ഷേ അഷ്റഫോ കാറിലുള്ളവരോ തങ്ങളുടെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ഇയാളുടെ ലഗ്ഗേജ് ബോക്സുകള്‍ ഓപ്പണ്‍ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. ശേഷം ഇവര്‍ സഞ്ചരിച്ച കാര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് കാറിനകത്ത് front leg room ല്‍ pro-clip നകത്ത് അതി വിദഗ്ധമായി ഒളിപ്പിച്ച രീതിയില്‍ 4 കാപ്സ്യൂളുകള്‍ കണ്ടെത്തിയത്.
അഷ്റഫിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

പിടിച്ചെടുത്ത സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും വാഹനവും കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.

കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് പോലീസ് പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്കും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കും കള്ളക്കടത്ത് സംഘം ചുവട് മാറ്റിയതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
ആയതിനെ തുടര്‍ന്നുള്ള രഹസ്യ നീക്കത്തിലാണ് പോലീസിന് ഈ കേസിലേക്കെത്താനായത്.