ബൈക്കില്‍ പിക്കപ്പ് ലോറി ഇടിച്ച് അധ്യാപകനും ശിഷ്യനും ദാരുണാന്ത്യം

Breaking Keralam Local

മലപ്പുറം: ദേശീയ പാത മലപ്പുറം വെളിമുക്കിന് സമീപം ബൈക്കില്‍ പിക്കപ്പ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ അധ്യാപകനും ശിഷ്യനുമായ രണ്ടു പേര്‍ മരിച്ചു. വേങ്ങര വലിയോറ അടക്കാപ്പുര ഇരുകുളം വലിയാക്കത്തൊടി സയ്യിദ് മുഹമ്മദ് കോയ എന്ന ബാപ്പുട്ടി തങ്ങളുടെ മകന്‍ സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ ബുഖാരി സഖാഫി (46), കോഴിക്കോട് ബാലുശ്ശേരി കുറുമ്പൊയില്‍ കണ്ണാട്ടിപ്പൊയില്‍ കാപ്പിക്കുന്നുമ്മല്‍ സിദ്ദീഖിന്റെ മകന്‍ ഫാഇസ് അമീന്‍ (19) എന്നിവരാണ് മരിച്ചത്. മലപ്പുറം ദേശീയപാതയില്‍ വെളിമുക്കിന് സമീപം പുലര്‍ച്ചെ 3-30 നായിരുന്നു അപകടം.


കോഴിക്കോട് ഓമശ്ശേരി കണിയാര്‍ കണ്ടം ജുമുഅ മസ്ജിദ് മുദരിസായ അബ്ദുല്ലക്കോയ തങ്ങള്‍ ഇരുകുളത്തെ വീട്ടില്‍ നിന്നും കണിയാര്‍ കണ്ടം ജുമുഅ മസ്ജിദ് ദര്‍സിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് ഈ ദര്‍സിലെ വിദ്യാര്‍ഥി കൂടിയായ ഫായിസ് അമീനായിരുന്നു. ദേശീയപാത വെളിമുക്കിന് സമീപം വെച്ച് കാറിനെ മറികടന്നെത്തിയ പിക്കപ്പ് ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ ഇരുവരേയും തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല.

നാലുവര്‍ഷമായി അബ്ദുല്ല ക്കോയ തങ്ങള്‍ സഖാഫി കണിയാര്‍ കണ്ടം മുദരിസാണ്. പകര മുഹമ്മദ് അഹ്‌സനിയുടെ ശിഷ്യനായ ഇദ്ദേഹം കാരന്തൂര്‍ മര്‍കസില്‍ നിന്ന് സഖാഫി ബിരുദം നേടി പുറത്തിറങ്ങിയേ ശേഷം പട്ടാമ്പി പള്ളിപ്പുറം ചെമ്പുങ്ങല്‍ , പകര ഗൗസിയ്യ മസ്ജിദ്, തെന്നല അപ്പിയത്ത് എന്നിവിടങ്ങളില്‍ മുദരിസായിട്ടുണ്ട്. മാതാവ് : സയ്യിദത്ത് ആഇശാ ബീവി. ഭാര്യ: സൗദാ ബീവി. മക്കള്‍ : മുഹമ്മദ് ചിശ്തി , ഉമൈറ , അഫ് റ. ഫാഇസ് അമീനിന്റെ മാതാവ് : സുലൈഖ. സഹോദരി :ആശിഖ് ഫര്‍സാന .

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോമോര്‍ട്ടത്തിന് ശേഷം ചെമ്മാട് ടൗണ്‍ സുന്നി ജമുഅ മമസ്ജിദില്‍ ജനാസ നിസ്‌കാരം നടന്നു. ശേഷം അബ്ദുല്ലക്കോയ തങ്ങളുടെ മയ്യിത്ത് വലിയോറ അരീക്കുളം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലും, ഫാഇസ് അമീനിന്റെ മയ്യിത്ത് ബാലുശ്ശേരി കണ്ണാട്ടിപ്പൊയില്‍ മസ്ജിദ് ഖബര്‍സ്ഥാനിലും മറവ് ചെയ്തു.