കാണാതായ സ്‌കൂള്‍ അധ്യാപകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Breaking Keralam Local

മലപ്പുറം: മലപ്പുറം തിരൂരങ്ങാടി എ.ആര്‍. നഗറില്‍നിന്നും കാണാതായ സ്‌കൂള്‍ അധ്യാപകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടുദിവസം മുമ്പു കാണാതായ എ.ആര്‍ നഗര്‍ സ്വദേശി എ പി മത്തായി മാസ്റ്ററെ(65)യാണ് ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മുതല്‍ കാണാതായതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ തിരൂരങ്ങാടി പൊലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഇദ്ദേഹം പൂകയൂര്‍ യാറത്തും പടി ഭാഗത്ത് നിന്നും കുട്ടിശ്ശേരിചിന ഭാഗത്തേക്ക് പോകുന്നതായി ദൃശ്യം ലഭിച്ചതില്‍ തിരൂരങ്ങാടി പൊലിസും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും നടത്തിയ തിരച്ചിലില്‍ ഇന്നലെ രാവിലെ പരിസരത്തെ വീടിനോട് ചേര്‍ന്ന ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി പൊലിസും തേഞ്ഞിപ്പാലം പൊലിസും സ്ഥലത്തെത്തി ഇന്‍കൊസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: ചിന്നമ്മ (എ.ആര്‍ നഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപിക). മക്കള്‍: ബിന്‍സി പി മാത്യു, ബിനി പി മാത്യു.
മര്യമകന്‍: നിതിന്‍ മാത്യു(പെരുമ്പാവൂര്‍). മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ജന്മനാടായ എറണാകുളത്തേക്ക് കൊണ്ടുപോകും