യുവതയുടെ രക്തദാനം വീണ്ടും പുരസ്‌കാര നിറവില്‍

Breaking Keralam Local Politics

മലപ്പുറം: സംസ്ഥാനത്ത് ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനയായി തുടര്‍ച്ചയായ പതിമൂന്നാം തവണ തിരഞ്ഞെടുക്കപ്പെടുകയാണ് ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മറ്റി.
തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്ക് വേണ്ടി ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രെട്ടറി കെ ശ്യാം പസാദ്, പ്രസിഡന്റ് പി ഷബീര്‍ സംസ്ഥാന കമ്മിറ്റി അംഗം കെ പി അനീഷ് ‘ ജില്ലാ കമ്മിറ്റി അംഗം ഇ ഷിജില്‍ എന്നിവര്‍ ആരോഗ്യ മന്ത്രി വീണാജോര്‍ ജില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. രണ്ടായിരത്തിലേറെ യൂണിറ്റ് രക്തമാണ് ജില്ലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോവിഡ് കാലത്ത് മാത്രം ദാനം ചെയ്തത്. രക്തം ലഭിക്കാതെ ഒരു രോഗിയും ജില്ലയില്‍ മരിക്കരുതെന്ന ലക്ഷ്യത്തോടെ 2009 ല്‍ ഡിവൈഎഫ്‌ഐ സ്ഥാപകദിനമായ നവംബര്‍ മൂന്നിനാണ് ‘യുവതയുടെ രക്തദാന’ത്തിന് ജില്ലാ കമ്മിറ്റി തുടക്കം കുറിക്കുന്നത്. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പയിന്‍ ജില്ലയിലെ യുവജനങ്ങളാകെ ഏറ്റെടുത്തു. അര ലക്ഷത്തോളം യൂണിറ്റ് രക്തം ഇക്കാലയളവില്‍ സംഘടനാ പ്രവര്‍ത്തകര്‍ ദാനം ചെയ്തു. പ്രവര്‍ത്തനത്തിന്റെ ഭാഗമായ മുഴുവന്‍ പേരെയും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രെട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.