59പേരുടെ ജീവനെടുത്ത കവളപ്പാറ മുത്തപ്പന്‍മലയില്‍ അനുമതിയില്ലാതെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നു

Breaking Keralam Local News

മലപ്പുറം: 59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ഉരുള്‍പൊട്ടലുണ്ടായ മുത്തപ്പന്‍മലയില്‍ അനുമതിയില്ലാതെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്വകാര്യ വ്യക്തി മണ്ണ് നീക്കുന്നു. നാട്ടുകാര്‍ വീണ്ടും ദുരന്ത ഭീതിയില്‍. ദുരന്തത്തില്‍ കാണാതായ 11 പേരുടെ മൃതശരീരങ്ങളുള്ള ഭാഗത്താണ് അധികൃതരുടെ അനുമതിപോലുമില്ലാതെ ഇന്ന് രാവിലെ മുതല്‍ മണ്ണ് നീക്കുന്നതെന്നാണ് പരാതി.
ഉരുള്‍പൊട്ടലുണ്ടായ മുത്തപ്പന്‍മലയുടെ 200 മീറ്റര്‍ ചുറ്റളവില്‍ താമസയോഗ്യമല്ലെന്ന് ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ 150 തോളം കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം സഹായധനം അനുവദിച്ചിരുന്നു.
വീടും സ്ഥലവും നഷ്ടപ്പെട്ട സ്വകാര്യ വ്യക്തിക്ക് സൗജന്യമായി ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ 10 സെന്റ് സ്ഥലവും വീടും നേരത്തെ കൈമാറിയിട്ടുണ്ട്. ഇതിനു പുറമെ സംസ്ഥാന സര്‍ക്കാരിന്റെ വകയായി വീടും സ്ഥലത്തിനുമായി 10 ലക്ഷം അനുവദിച്ചിട്ടുമുണ്ട്. ഇയാളുടെ വീടുതകര്‍ന്ന് ഭാര്യയും ഒരു ആദിവാസിയുമാണ് മരണപ്പെട്ടത്. ആദിവാസിയുടെ മൃതദേഹം കിട്ടിയിട്ടുമില്ല. മൃതദേഹം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആദിവാസികള്‍.
2019 ആഗസ്റ്്റ് 8നാണ് കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ 59 പേര്‍ മരണപ്പെട്ടത്. 11 പേരുടെ മൃതദേഹം മണ്ണിനടയില്‍ നിന്നും ലഭിക്കാതെയാണ് പ്രതികൂല കാലാവസ്ഥകാരണം അന്ന് തെരച്ചില്‍ അവസാനിപ്പിച്ചത്. അനുകൂല കാലാവസ്ഥയില്‍ തെരച്ചില്‍ നടത്തി മൃതദേഹം പുറത്തെടുക്കാമെന്നായിരുന്നു അന്ന് ആദിവാസികള്‍ക്ക് അധികൃതര്‍ നല്‍കിയ ഉറപ്പ്. ആ ഉറപ്പ് ഇതുവരെയും പാലിച്ചിട്ടില്ല. ഇതിനിടെയാണ് സ്വകാര്യ വ്യക്തി സ്വന്തം നിലക്ക് ദുരന്തഭൂമിയില്‍ നിന്നും മണ്ണ് നീക്കുന്നത്.