വറ്റലൂരില്‍ ജാഫറിനെ ഭാര്യാ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍

Breaking Crime Keralam

മലപ്പുറം: മലപ്പുറം വറ്റലൂരില്‍ ജാഫറിനെ ഭാര്യാ സഹോദരന്‍ റഹൂഫ് വെട്ടിക്കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍. മക്കരപ്പറമ്പ് കുറുവ റോഡിലെ ചെറുപുഴക്ക് കുറുകെയുള്ള ആറങ്ങോട്ട് പാലത്തില്‍ വെച്ചാണ് കുറുവ വറ്റലൂര്‍ ലണ്ടന്‍ പടിയിലെ തുളുവത്ത് ജാഫര്‍ഖാന് രാവിലെ 5.30 ന് കുത്തേറ്റത്. കുത്തേറ്റ ജാഫര്‍ തുടര്‍ന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. പാലത്തിലും സമീപത്തും രക്തം തളം കെട്ടി നില്‍ക്കുന്നുണ്ട്. കാലിന്റെ തുടയിലും കൈക്കും കുത്തേറ്റ ജാഫറിനെ വിവരമറിഞ്ഞെത്തിയ സുഹൃത്താണ് പുഴയില്‍ നിന്നും കരക്കെത്തിച്ചത്. ജാഫറിനെ മക്കരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം വാര്‍ന്നതിനാല്‍ മരണപ്പെടുകയായിരുന്നു. ജാഫറിനെ വെട്ടിയത്
ഭാര്യാ സഹോദരന്‍ കോഡൂര്‍ തോരപ്പ റഹൂഫാ ണെന്നാണ് പോലീസിന്റെ നിഗമനം,


നിരവധി വാഹനമോഷണ കേസിലെ പ്രതി വീരപ്പന്‍ റഹീമിന്റെ കൂട്ടാളിയായിരുന്ന റൗഫ് അടുത്തിടെ ജയില്‍ മോചിതനായി എത്തി റെഡിമെയ്ഡ് വസ്ത്ര കച്ചവടം അളിയനുമായി ചേര്‍ന്ന് തുടങ്ങിയിരുന്നു. ഇതിന്റെ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് നേരത്തെയും വാക്കേറ്റം നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.


പരിക്കേറ്റ റഹൂഫ് സംഭവ സ്ഥലത്ത് നിന്നും ഓടി മക്കരപ്പറമ്പിലെ ക്ലിനിക്കിലെത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ തിനാല്‍ പിന്നീട് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരണപ്പെട്ട ജാഫറും പരിക്കേറ്റ റഹൂഫും സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. റഹൂഫ് നിരവധിക്രിമിനല്‍ കേസില്‍ ശിക്ഷ കഴിഞ്ഞ് മാസങ്ങള്‍ക്ക് മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. കൊലപാതകം നടന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ, കുഴല്‍പണം, ബ്ലേഡ്‌സംഘങ്ങള്‍ തമ്പടിക്കുന്ന സ്ഥലമാണെന്ന് നാട്ടുകാര്‍ പറയുന്നു.

വര്‍ഷങ്ങളായി ഈപ്രദേശത്ത് രാത്രിയായാല്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തുന്നഇത്തരം സംഘങ്ങളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്.. കൊലപാതകം നടന്ന സമയത്ത് കാണപ്പെട്ട വാഹനങ്ങളുമായി ബന്ധപ്പെട്ടും സംഭവത്തില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊളത്തൂര്‍ എസ് ഐ സജിത്തിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്തു. വരുന്നുണ്ട്.

കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളാണോയെന്നും പുലര്‍ച്ചെ ഇവരുടെ പക്കല്‍ ആയുധമുള്ളതെല്ലാം അന്വേഷണത്തിലാണ്.ജാഫറിന്റെ ബന്ധുവിന്റെ പരാതി പ്രകാരം
കൊളത്തൂര്‍ പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . തുടര്‍ന്ന് കൊളത്തൂര്‍ എസ് ഐ യുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ വെച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കും. പ്രദേശത്ത് ഫോറന്‍സിക് സയന്‍സ് വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ തെളിവെടുപ്പ് നടത്തി. സംഭവ സ്ഥലത്ത് പെരിന്തല്‍മണ്ണ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉന്നതസംഘം സ്ഥലത്തെത്തി പരിശോധന നടത്തി.