കാലിക്കറ്റ് സര്‍വകലാശാല ബിരുദ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്താന്‍ ക്യാമ്പുകളിലേക്ക് അയച്ചത് ഫാള്‍സ് നമ്പറിംങ്ങ് നടത്താതെ

Breaking Education Keralam News

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദ രണ്ടാം സെമസ്റ്റര്‍ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തുന്നതിനുവേണ്ടി ക്യാമ്പുകളിലേക്ക് അയച്ചത് ഫാള്‍സ് നമ്പറിംങ്ങ് നടത്താതെയെന്ന് പരാതി.
ഇത് നിലവിലുള്ള പരീക്ഷാ നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണ്. യൂണിവേഴ്‌സിറ്റി ചരിത്രത്തിലാദ്യമായാണ് ഫാള്‍സ് നമ്പര്‍ ഇല്ലാതെ മൂല്യനിര്‍ണയം നടത്തുന്നത് എന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റംഗം ഡോ.റഷീദ് അഹമ്മദ് വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കി.
ഫാള്‍സ് നമ്പര്‍ ഇല്ലാതെ മൂല്യനിര്‍ണയം നടത്താവുന്നതാണ് എന്ന് തീരുമാനമെടുക്കാന്‍ സിന്‍ഡിക്കേറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്കോ സിന്‍ഡിക്കേറ്റിന് തന്നെയോ അധികാരമില്ല.
ആല്‍ഫ ന്യൂമെറിക് നമ്പറിംഗ് സിസ്റ്റമാണ് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ രജിസ്‌ട്രേഷന്‍ നമ്പറായി ഉപയോഗിക്കുന്നത്. നമ്പര്‍ കണ്ടാല്‍ ഏതു കോളജിലെ ഏതു കുട്ടി ആണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
ഇത് കുട്ടികള്‍ക്ക് അര്‍ഹമായ മാര്‍ക്ക് നല്‍കാതിരിക്കാനും അനാവശ്യമായി മാര്‍ക്ക് നല്‍കാനും കാരണമാകുമെന്നും കോളജുകള്‍ക്ക് ഇടയിലുള്ള വൈര്യത്തിന് വിദ്യാര്‍ഥികള്‍ ഇരയാവേണ്ടി വരും. പരീക്ഷയുടെ സ്വകാര്യതയും സുതാര്യതയും വിശ്വാസ്യതയും നഷ്ടപ്പെടാന്‍ ഇത് കാരണമാകും .
ഫാള്‍സ് നമ്പറിംങ്ങ് നടത്താന്‍ ഒമ്പത് മാസത്തിലേറെ യൂണിവേഴ്‌സിറ്റിക്ക് സമയം ലഭിച്ചിട്ടുണ്ട്. കൃത്യമായ തയ്യാറെടുപ്പ് നടത്തിയിരുന്നെങ്കില്‍ യൂണിവേഴ്‌സിറ്റിയിലെ നിലവിലുള്ള സംവിധാനം ഉപയോഗിച്ച് തന്നെ ഇത് പൂര്‍ത്തീകരിക്കാമായിരുന്നുവെന്നും റഷീദ് അഹമ്മദ് പറഞ്ഞു.
മാത്രമല്ല വിദ്യാര്‍ത്ഥികളുടെ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് അയച്ചു കൊടുത്തു എന്നാണ് അറിയാന്‍ സാധിച്ചത്.
ഗുരുതരമായ അപാകതയാണ് ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുള്ളതെന്നും കത്തില്‍ ചൂണ്ടി കാട്ടിയിട്ടുണ്ട്..
ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് ഉത്തരവാദിത്തപ്പെട്ട വേദികളില്‍ വേണ്ടത്ര ചര്‍ച്ച ഉണ്ടായിട്ടില്ല .അതുകൊണ്ട് ഫാള്‍സ് നമ്പര്‍ ഇല്ലാതെ മൂല്യനിര്‍ണയത്തിന് അയച്ച ഉത്തരക്കടലാസുകള്‍ തിരിച്ചെടുത്ത് ഫാള്‍സ് നമ്പര്‍ ഇടാനുള്ള നടപടി സ്വീകരിക്കണം. അതോടൊപ്പം ഫാള്‍സ് നമ്പര്‍ ഇല്ലാതെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം അയച്ച സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.