സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിക്കുന്നതായി: സഹീര്‍ കാലടി

Breaking Keralam News

മലപ്പുറം: മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു നിയമനത്തില്‍ ബലിയാടായ സഹീര്‍ കാലടി
നീതി തേടി മുഖ്യമന്ത്രിക്ക് എഴാം തവണ നല്‍കിയ പരാതിയും എഴാം തവണയും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുടര്‍ നടപടിക്കായി കൈമാറി എന്ന ഒരെ മറുപടി. സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിക്കുന്നതായും സഹീര്‍ കാലടി. പരാതികാരനെ ഒരിക്കല്‍ പോലും കേള്‍ക്കാതെ ആരോപണ വിധേയനായ എം.ഡി നല്‍ക്കിയ വിശദീകരണം മാത്രം സര്‍ക്കാര്‍ പരിഗണിച്ച് രണ്ട് വര്‍ഷത്തിനു ശേഷം ആറ് പരാതികളും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒക്ടോബര്‍ 8 നു നിരസിച്ചതായും സഹീര്‍ കാലടി പറഞ്ഞു.

ഇതെ തുടര്‍ന്ന് ഏഴാം തവണയും മുഖ്യമന്ത്രിക്ക് സഹീര്‍ പരാതി നല്‍കിയിരുന്നു. 7 തവണയും മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ച മറുപടി ഒന്ന് തന്നെയായിരുന്നു. തുടര്‍ നടപടികള്‍ക്കായി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഇതെ മറുപടി തന്നെയാണ് മുന്‍പ് നല്‍കിയ ആറ് പരാതികള്‍ക്കും മുഖ്യമന്ത്രിയില്‍ നിന്നും സഹീറിനു മറുപടി ലഭിച്ചത്. രണ്ട് വര്‍ഷത്തില്‍ കൂടുതലായി പരാതികള്‍ നിരന്തരം നല്‍കിയിട്ടും ഒരു അന്വേഷണത്തിനു പോലും ഉത്തരവിടാതെ നിതി നിഷേധം തുടര്‍ന്നത് അതീവ ദു:ഖകരമാണെന്ന് സഹീര്‍ പറഞ്ഞു.

മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമനത്തില്‍ ബലിയാടായ ഉദ്യോഗസ്ഥനാണ് സഹീര്‍ കാലടി. യോഗ്യതയും പ്രവര്‍ത്തന പരിചയം ഉണ്ടായിട്ടും ബന്ധു നിയമനത്തിനായി അവഗണിച്ചതില്‍ പരസ്യമായി പ്രതികരിച്ചതും തുടര്‍ന്നുള്ള വിവാദവും കൂടാതെ കുറ്റിപ്പുറം മാല്‍കോടെക്‌സ് സ്പിന്നിംഗ് മില്‍ എം.ഡി നടത്തിയ അഴിമതികള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സഹീര്‍ കാലടിക്ക് ഏല്‍കേണ്ടി വന്ന നിരന്തര തൊഴില്‍ പീഡനങ്ങളെ തുടര്‍ന്ന് 20വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍കെ 38 വയസില്‍ പൊതുമേഖലാ സ്ഥാപനമായ മാല്‍കോടെക്‌സില്‍ നിന്നും അക്കൗണ്ട്‌സ് മാനേജര്‍ ജോലിയില്‍ നിന്നും 2019 ജൂലൈ ഒന്നിനു രാജിവെച്ചിരുന്നു.

ഏകപക്ഷീയമായി പരാതികള്‍ നിരസിച്ച വ്യവസായ വകുപ്പിന്റെ നടപടി പുനഃ പരിശോധിക്കാനും മേല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും കൂടാതെ പൂര്‍ണ്ണമായ ഗ്രാറ്റുവിറ്റി , തടഞ്ഞുവെച്ച ശമ്പളം, പ്രൊവിഡന്റ് ഫണ്ട് കുടിശിഖ, നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ളവ തേടിയാണ് താന്‍ മുഖ്യമന്ത്രിക്ക് ഏഴാം തവണയും പരാതി നല്‍കി പോരാട്ടം തുടരുന്നതെന്നും സഹീര്‍ പറഞ്ഞു.

മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹാന്റ്‌ലൂം ഡയറക്ടര്‍ എന്നിവര്‍ക്ക് 2019 മുതല്‍ 2021 ആഗസ്റ്റ് വരെ രണ്ട് വര്‍ഷത്തില്‍ കൂടുതലായി മേല്‍ ആവശ്യം ഉന്നയിച്ച് ആറ് പരാതികള്‍ നല്‍കിയിരുന്നു.

പരാതികാരനായ സഹീര്‍ കാലടിയെ നേരില്‍ ഒരു തവണ പോലും കേള്‍ക്കാതെ തൊഴില്‍ പീഡനത്തിനു നേതൃത്വം നല്‍കിയ എം.ഡിയെ മാത്രം കേട്ട് എം.ഡി.നല്‍കിയ വിശദീകരണം അതെ പടി രേഖപെടുത്തി സഹീറിന്റെ 6 പരാതികളും നിരസിച്ചതായി അറിയിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി 2 വര്‍ഷത്തിനു ശേഷം ഒക്ടോബര്‍ 8നു കത്ത് സാധാരണ തപ്പാല്‍ മാര്‍ഗം സഹീറിനു ലഭിക്കുകയാണുണ്ടായത്. സഹീര്‍ ഹൈകോടതിയില്‍ റിട്ട് പെറ്റീഷണ്‍ നല്‍കി 2019 മുതല്‍ നിയമ പോരാട്ടവും നടത്തുന്നുണ്ട്.

വ്യവസായ വകുപ്പ് അപേക്ഷ നിരസിച്ചതിനു അപ്പീലായാണ് സംസ്ഥാന മുഖ്യമന്ത്രിക്ക് എഴാം തവണയും സഹീര്‍ കാലടി പരാതി നല്‍കിയിട്ടുള്ളത്. പരാതിയില്‍ കുറ്റിപ്പുറം മാല്‍കോടെക്‌സ്, കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്ലുകളുടെ ഇരട്ട എം.ഡി. പദവിയില്‍ തുടരുന്ന സി.ആര്‍.രമേഷ് നടത്തിയ അഴിമതികളും ഇവ സംസ്ഥാന സഹകരണ ആഡിറ്റ് വിഭാഗവും, ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയതും മറ്റു തെളിവുകള്‍ ഉള്‍പ്പെടെ പരാതിയില്‍ രേഖപെടുത്തിയിട്ടുണ്ട്.

മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനുള്ള തിരകഥയില്‍ അറിയാതെ അപേക്ഷകനായതിനെ തുടര്‍ന്നുള്ള വിവാദവും എം.ഡി. നടത്തിയ അഴിമതികള്‍ തെളിവ് സഹിതം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ് ഗുരുതര തൊഴില്‍ പീഡനം ഏല്‍കേണ്ടിവന്നതും നിവൃത്തിയില്ലാതെ 20 വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍കെ ജോലി രാജിവെക്കേണ്ടി അവസ്ഥയില്‍ ആയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

അധികാരം, രാഷ്ട്രീയ സ്വാധീനം, പണം എന്നിവ ഒന്നും ഇല്ലാത്ത എനിക്ക് നീതി കിട്ടാന്‍ എന്ത് ചെയ്യണമെന്ന മറുപടി കൂടി തരണമെന്ന് മുഖ്യമന്ത്രിയോട് സഹീര്‍ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ അനുവദിക്കണമെന്ന അപേക്ഷയോടെയാണ് പരാതി അവസാനിപ്പിക്കുന്നത്.

അതേ സമയം വിഷയത്തില്‍ സഹീര്‍ കാലടിയുടെ തുറന്നു പറച്ചില്‍ കഴിഞ്ഞ ദിവസം മുറുപുറം കേരള സംപ്രേഷണം ചെയ്തിരുന്നു. എക്‌സ്‌കളൂസീവ് ഇന്റര്‍വ്യൂവിന്റെ യൂട്യൂബ് ലിങ്ക് താഴെ: